| Friday, 11th September 2020, 4:17 pm

'കൊറോണയെല്ലാം കഴിഞ്ഞു' ബി.ജെ.പി മീറ്റിങ്ങ് നടത്തുന്നത് തടയാനുള്ള തന്ത്രം മാത്രമാണ് മമതയുടെ ലോക്ക്ഡൗണെന്ന് ബി.ജെ.പി അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്നതിനിടയില്‍ കൊവിഡ് വ്യാപനം അവസാനിച്ചുവെന്ന് വാദവുമായി പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

കൊവിഡിന്റെ പേരില്‍ മമത ബാനര്‍ജി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ബി.ജെ.പി മീറ്റുങ്ങുകള്‍ നടത്തുന്നത് തടയുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമാണെന്നും ദീലീപ് ഘോഷ് പറഞ്ഞു. ഘോഷ് ഇത് പറഞ്ഞ ദിവസം പുതുതായി 3107 കൊവിഡ് കേസുകളാണ് പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

” കൊറോണ വൈറസ് പോയി. ഇപ്പോഴും വൈറസുണ്ടെന്ന് ഭാവിച്ച മമത ബാനര്‍ജി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ്. അങ്ങിനെയാകുമ്പോള്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് മീറ്റിങ്ങുകളോ റാലിയോ നടത്താന്‍ സാധിക്കില്ലല്ലോ.

ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല” , ദൈനഘാലിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് ദിലീപ് ഘോഷ് പറഞ്ഞു.
പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിച്ച് 3771 പേരാണ് വ്യാഴാഴ്ച്ച മാത്രം മരിച്ചത്. ഇതുവരെ 193175 ആളുകള്‍ക്കാണ് പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിച്ചത്.

കൊവിഡ് വ്യാപനം തടയാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സെപ്തംബര്‍ എഴിന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ദുര്‍ഗാപൂജയോട് അനുബന്ധിച്ചാണ് മമത ബാനര്‍ജി പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്ന് വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ആരോപണം സത്യമെന്ന തെളിയിച്ചാല്‍ 101 തവണ ഏത്തമിടുമെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അടുക്കവെ കൊവിഡ് 19 വിഷയം ഉയര്‍ത്തി മമത ബാനര്‍ജിയെ നേരിടാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നിര്‍ദേശം നല്‍കിയിലരുന്നു. പശ്ചിമ ബംഗാളിലെ കൊവിഡ് വിഷയം ഉയര്‍ത്തിക്കാട്ടി ത്രിണമൂല്‍ കോണ്‍ഗ്രസിനെ ആക്രമിക്കാനായിരുന്നു നദ്ദയുടെ നിര്‍ദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് വൈറസ് വ്യാപനം തടുക്കുന്നതില്‍ എങ്ങിനെ നിര്‍ണായകമായി എന്നത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നേതാക്കള്‍ ആവര്‍ത്തിക്കണമെന്നും നദ്ദ ആവശ്യപ്പെട്ടിരുന്നു.

അതിഥി തൊഴിലാളികളുടെ മടങ്ങിവരവിന് മമത തടസം നിന്നത് ആയുധമാക്കണമെന്നും ബി.ജെ.പി ദേശീയ കമ്മിറ്റി ആവശ്യപ്പെടുന്നു.
ഹിന്ദുത്വം ചര്‍ച്ചകളില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സജീവമാക്കാന്‍ ആവശ്യപ്പെട്ട നദ്ദ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി പൂജ നടക്കുന്ന സമത്ത് മമത ബാനര്‍ജി മനപൂര്‍വ്വം പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയെന്നും ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: West Bengla BJP Chief Dilip Ghosh says Corona is over as states cases reach 1.9 lakh

Latest Stories

We use cookies to give you the best possible experience. Learn more