കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാനത്ത് അഭയം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗ്ലാദേശില്‍ തൊഴില്‍ സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്താണ് മമത ബാനര്‍ജിയുടെ പ്രഖ്യാപനം.
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാനത്ത് അഭയം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗ്ലാദേശില്‍ തൊഴില്‍ സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്താണ് മമത ബാനര്‍ജിയുടെ പ്രഖ്യാപനം.
‘ബംഗ്ലാദേശ് പരമാധികാര രാഷ്ട്രമായതിനാല്‍ ഞാന്‍ ബംഗ്ലാദേശിന്റെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ല, ഈ വിഷയത്തില്‍ നിലപാടെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ഒരു കാര്യം എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും, ബംഗ്ലാദേശിലെ നിസഹായരായ ആളുകള്‍ ബംഗാളിന്റെ വാതിലുകള്‍ മുട്ടിയാല്‍, ഞങ്ങള്‍ അവര്‍ക്ക് തീര്‍ച്ചയായും അഭയം നല്‍കും,’ മമത ബാനര്‍ജി പറഞ്ഞു.
പ്രക്ഷുബ്ധമായ പ്രദേശങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ തയ്യാറാകണമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം ചൂണ്ടിക്കാട്ടിയാണ് മമതയുടെ പ്രസ്താവന.
പ്രക്ഷോഭം കനക്കുന്നതിനിടെ ഇന്ന് ബംഗ്ലാദേശ് സുപ്രീം കോടതി തൊഴിൽ സംവരണം റദ്ദാക്കി ഉത്തരവിറക്കി.
2018ൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ ജോലികൾക്കുള്ള സംവരണ സമ്പ്രദായം ഒഴിവാക്കിയിരുന്നു. എന്നാൽ, ജൂണിൽ കീഴ്‌ക്കോടതി ഇത് പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവിറക്കി.
സംവരണത്തിലൂടെ സർക്കാർ ജോലികൾ നൽകുന്നത് വർധിച്ചതോടെ ഇത് വലിയ വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് നയിക്കുകയായിരുന്നു. രാജ്യ തലസ്ഥാനത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏറ്റുമുട്ടലിൽ 150 പേരെങ്കിലും കൊല്ലപ്പെട്ടതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ആക്രമണം വലിയ തോതിൽ വ്യാപിച്ചതോടെ രാജ്യത്ത് ഇന്റർനെറ്റ് വിലക്കും ഏർപ്പെടുത്തിയിരുന്നു.
അതിനിടെ, 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ നിന്നുള്ള ‘സ്വാതന്ത്ര്യ സമര സേനാനികളുടെ’ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ അഞ്ച് ശതമാനം സംവരണം സുപ്രീം കോടതി നിലനിർത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദിവാസി സമൂഹങ്ങൾക്കും ഭിന്നശേഷിക്കാർക്കും ബംഗ്ലാദേശ് നിയമപ്രകാരം മൂന്നാം ലിംഗമായി തിരിച്ചറിയുന്നവർക്കും ഒരു ശതമാനം സംവരണം ലഭിക്കും.
പ്രതിഷേധങ്ങൾക്കിടെ സ്‌കൂളുകളും സർവകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സർക്കാർ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മിറ്റി രൂപീകരിക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
Content Highlight: West Bengal will shelter helpless Bangladeshis if they come to us: Mamata Banerjee