| Friday, 24th May 2013, 12:20 am

ശാരദാ ഗ്രൂപ്പിന്റെ രണ്ട് ചാനലുകള്‍ ബംഗാള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊല്‍ക്കത്ത: ശാരദാ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന രണ്ട് ടി.വി ചാനലുകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.

താരാ ന്യൂസ് , താരാ മ്യമൂസിക്ക് എന്നീ ചാനലുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇതില്‍ സര്‍ക്കാര്‍ ഇടപടുന്നതെന്ന് തീരുമാനം പ്രഖ്യാപിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ ജി പറഞ്ഞു. []

ശാരദാ ഗ്രൂപ്പ് നടത്തിയിരുന്ന ചിട്ടികള്‍ പൊളിഞ്ഞതിനെ തുടര്‍ന്ന് രണ്ട് ടിവി ചാനലുകളും അടച്ചുപൂട്ടിയിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് ചാനലുകള്‍ ഏറ്റെടുക്കുന്നതെന്ന് മമത പറഞ്ഞു.

ചാനലുകളിലെ 168 തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യയായി ഈ മാസം മുതല്‍ 16000 രൂപ നല്‍കുമെന്ന് അവര്‍ അറിയിച്ചു. ചാനല്‍ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 26 ലക്ഷം രൂപ അനുവദിക്കും. എന്നാല്‍ ചാനലുകളുടെ ആറ് കോടി ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മമത വ്യക്തമാക്കി.

എന്നാല്‍ മമത സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ  ഇടതുപക്ഷം രംഗത്തെത്തി. നീക്കം സര്‍ക്കാര്‍ പണത്തിന്റെ ദുരുപയോഗമാണെന്ന് ആരോപിച്ച ഇടതുപക്ഷം സ്വകാര്യ ചാനലുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി അവകാശമില്ലെന്നും പറഞ്ഞു.

ശാരാദാ ഗ്രൂപ്പിന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കമ്പനി ഉടസ്ഥയിലുള്ള ചാനലുകള്‍ ഏറ്റെടുക്കുന്നത് ധാര്‍മ്മികമാണോ എന്നും അവര്‍ ചോദിച്ചു.

അതേസമയം ചാനല്‍ ഏറ്റെടുക്കുന്നതിനും ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിനും നിയമനിര്‍മാണം ആവശ്യമാണ്. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുകയോ ഓഡിനന്‍സ് ഇറക്കുകയോ വേണം. ഏത് മാര്‍രഗം സ്വീകരിക്കുമെന്ന് പിന്നീട് തീരുമാനിക്കമെന്ന് മമത പറഞ്ഞു.

2011ലാണ് ശാരാദാ ഗ്രൂപ്പ് രണ്ട് ചാനലുകളും സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലിലാണ് രണ്ട് ചാനലുകളും അടച്ചുപൂട്ടിയത്. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ശാരദാ ഗ്രൂപ്പ് ഉടമ സുദീപ്താ സെന്നിനെ ജമ്മു കാശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ചാനല്‍ ഏറ്റെടുക്കുന്നതിനു പകരം അതിന്റെ വസ്തുവകകള്‍ വിറ്റു ജീവനക്കാര്‍ക്കും നിക്ഷേപകര്‍ക്കും നല്‍കുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവുകൂടിയായ സൂര്യകാന്ത മിശ്ര (സി.പി.എം) ആവശ്യപ്പെട്ടു. ടിവി കമ്പനി നടത്തിപ്പ് ഏറ്റെടുത്ത നടപടി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചിട്ടിക്കമ്പനിയായ ശാരദാ ഗ്രൂപ്പ് പൊളിഞ്ഞതോടെ ആയിരക്കണക്കിനു നിക്ഷേപകരാണ് പ്രതിസന്ധിയിലായത്. തൃണമൂല്‍ എംപി കുനല്‍ ഘോഷായിരുന്നു കമ്പനി ചെയര്‍മാന്‍.

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനക്കാര്‍ കമ്പനിക്കെതിരെ രംഗത്തെത്തിയിരുന്നു. നിക്ഷേപകയായിരുന്ന ഒരു വനിത തീകൊളുത്തി കഴിഞ്ഞ ദിവസം മരിച്ചതോടെ പ്രതിഷേധങ്ങള്‍ ശക്തമായി. പ്രതിഷേധങ്ങള്‍ ശക്തായതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more