കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡയിലെ മോട്ടബാരിയിൽ വർഗീയ സംഘർഷം തുടരുന്നു. ഇതുവരെ അറസ്റ്റിലായത് 57 പേർ. തീവയ്പ്പ്, പൊതുസ്വത്ത് നശിപ്പിക്കൽ, ആക്രമണങ്ങൾ എന്നിവയെ തുടർന്ന് ജില്ലാ ഭരണകൂടം ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 57 പേരെ അധികൃതർ അറസ്റ്റ് ചെയ്തു.
അതേസമയം പശ്ചിമ ബംഗാളിലെ ബലുർഘട്ടി എം.പിയായ സുകാന്ത മജുംദാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘത്തെ മാൾഡയിൽ പ്രവേശിക്കുന്നതിൽ നിന്നും പോലീസ് തടഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അങ്ങോട്ട് പ്രവേശിക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കുമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു സുകാന്ത മജുംദാർ മാൾഡയിലേക്ക് കടക്കാൻ ശ്രമിച്ചത്. പൊലീസും സംസ്ഥാന സർക്കാരും മാൾഡയിലെ സാഹചര്യം കൈകാര്യം ചെയ്ത രീതിയിൽ മജുംദാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
മൊട്ടാബാരിയിലേക്കുള്ള യാത്രാമധ്യേ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഏകദേശം 10 കിലോമീറ്റർ മുമ്പ് പൊലീസ് മജുംദാറിനെ തടയുകയായിരുന്നു. പിന്നാലെ അവിടെ വെച്ച് മജുംദാർ തന്റെ സംഘത്തോട് മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ജയ് ശ്രീറാം വിളിക്കാൻ ആഹ്വാനം ചെയ്യുകയും ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒപ്പം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് പശ്ചിമ ബംഗാളിൽ രാമ നവമി വലിയ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നില്ലെന്നും മജുംദാർ ആരോപിച്ചു.
മാൾഡയിലെ പ്രാദേശിക പള്ളിയുടെ സമീപത്ത് കൂടി നടന്ന രാമനവമിക്കുള്ള ഒരുക്ക റാലിക്കിടെ ചിലർ പള്ളിക്ക് നേരെ പടക്കം എറിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.
സംഭവം വർഗീയ സംഘർഷമായി പരിണമിക്കുകയും ഇത് റോഡ് ഉപരോധങ്ങൾക്കും നിയമപാലകരുമായുള്ള ഏറ്റുമുട്ടലുകൾക്കും കാരണമായി. പിന്നാലെ സംസ്ഥാന സർക്കാർ സെൻസിറ്റീവ് പ്രദേശങ്ങളിൽ 25 പൊലീസ് പിക്കറ്റുകൾ സ്ഥാപിക്കുകയും ദ്രുത പ്രതികരണത്തിനായി ഏഴ് മൊബൈൽ പട്രോളിങ് യൂണിറ്റുകൾ സജീവമാക്കുകയും ഗണ്യമായ പൊലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: West Bengal: Tensions persist in Malda’s Mothabari, 57 arrested so far