| Tuesday, 11th September 2018, 10:49 pm

ഇന്ധനവിലയില്‍ ഇളവുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡിലെത്തിയ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവുവരുത്തി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. പെട്രോളിനും ഡിസലിനും ലിറ്ററിന് ഒരു രൂപ വീതമാണ് കുറച്ചത്. ഇന്ധനവില അടിക്കടി ഉയരുന്ന സാഹചര്യത്തിലാണ് മമത സര്‍ക്കാരിന്റെ പുതിയ നടപടി.

സംസ്ഥാനത്തെ പുതുക്കിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഇന്ന് ഒഡീഷ സര്‍ക്കാരും പെട്രോളിന് ഒരു രൂപ കുറച്ചിരുന്നു. ഒഡീഷയിലും പുതുക്കിയ വില ഇന്ന് രാത്രി നിലവില്‍ വരും.

പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബന്ദിന് ശേഷവും ഇന്ധനവിലയുടെ വര്‍ധനവില്‍ യാതൊരു മാറ്റവുമില്ല. ഇന്ന് മാത്രം പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കൂടിയത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.20 രൂപയുടെയും ഡീസലിന് 2.65 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്. ഇതിനിടെയാണ് ബംഗാള്‍ ഒഡീഷ സര്‍ക്കാരുകള്‍ ഒരു രൂപയുടെ കുറവ് വരുത്തിയത്.

ALSO READ: തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടി.ഡി.പി-സി.പി.ഐ സഖ്യം; രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തം

പൊതുജനത്തിന് ആശ്വാസമേകുന്ന നടപടിയുമായി ആന്ധ്രാപ്രദേശും രാജസ്ഥാനും നേരത്തെ വില കുറച്ചിരുന്നു. ആന്ധ്രാ പ്രദേശില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയും രാജസ്ഥാനില്‍ ലിറ്ററിന് 2.5 രൂപയാണ് കുറച്ചത്. ജൂണ്‍ ഒന്നിന് കേരളത്തിലെ ഇന്ധനവിലയില്‍ ഒരു രൂപ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരുന്നു.

അതേസമയം, കേന്ദ്രനികുതിയില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more