കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയില്‍ നിന്ന് ബംഗാള്‍ പിന്മാറുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആയുഷ്മാന്‍ പദ്ധതിയ്ക്ക് വേണ്ടി സംസ്ഥാനം 40 ശതമാനം ഫണ്ട് അനുവദിക്കുകയില്ലെന്നും പദ്ധതി നടപ്പിലാക്കണമെങ്കില്‍ കേന്ദ്രം മുഴുവന്‍ പണം ചെലവാക്കണമെന്നും മമത പറഞ്ഞു. നാദിയ ജില്ലയില്‍ സംസാരിക്കുകയായിരുന്നു മമത.
സര്‍ക്കാരിന്റെ ചിഹ്നത്തിന് പകരം മോദിയുടെയും താമരയുടെയും ചിത്രം വെച്ച ലെറ്റര്‍ഹെഡുകളാണ് ഉള്ളതെന്നും പിന്നെ എന്തിനാണ് സര്‍ക്കാര്‍ പണം മുടക്കുന്നതെന്നും മമത ചോദിച്ചു.
കേന്ദ്രത്തിന്റെ പദ്ധതിയിലേക്കുള്ള സംസ്ഥാനങ്ങളുടെ സംഭാവനയെ കേന്ദ്രം അവഗണിക്കുകയാണെന്നും മമത പറഞ്ഞു. പദ്ധതിയുടെ അവകാശവാദം ഉന്നയിച്ച് കൊണ്ട് ബംഗാളില്‍ ഉടനീളം മോദിയുടെ പേരില്‍ ജനങ്ങള്‍ക്ക് കത്തുകള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സെപ്റ്റംബറില്‍ ആരംഭിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ വിട്ടുനില്‍ക്കുകയാണ്.