ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. തിയ്യതി നീട്ടണമെങ്കില്‍ ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, എ.എം സപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി കേട്ടത്. നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതില്‍ നിന്നും തൃണമൂല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തടയുകയാണെന്നും നാമനിര്‍ദേശ പത്രിക ഓണ്‍ലൈനില്‍ നല്‍കണമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
അതേസമയം ബംഗാളില്‍ സാന്നിധ്യമില്ലാത്ത ബി.ജെ.പി ശ്രദ്ധ ലഭിക്കാനായി പ്രശ്‌നമുണ്ടാക്കുകയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
മെയ് 1,3,5 തിയ്യതികളില്‍ മൂന്നു ഘട്ടങ്ങളായാണ് ബംഗാളില്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 8നാണ് വോട്ടെണ്ണല്‍. വിജ്ഞാപന പ്രകാരം ഏപ്രില്‍ 9നായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.