| Friday, 27th October 2023, 8:25 pm

റേഷൻ അഴിമതിയിൽ ഇ.ഡി അറസ്റ്റ്; ബംഗാൾ വനംവകുപ്പ് മന്ത്രി കോടതിയിൽ കുഴഞ്ഞ് വീണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: റേഷൻ വിതരണ അഴിമതി ആരോപണത്തെ തുടർന്ന് ഇ.ഡി അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് കോടതിയിൽ കുഴഞ്ഞു വീണു.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മല്ലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം ചോദ്യം ചെയ്യലിനായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മല്ലിക്കിനെ കോടതിയിൽ ഹാജരാക്കിയത്.

കോടതി നടപടിക്രമങ്ങൾ ആരംഭിച്ച് നിമിഷങ്ങൾക്കകം കുഴഞ്ഞുവീണ മല്ലിക്കിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനി ആരോഗ്യനില പരിശോധിച്ച ശേഷം മാത്രമേ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ ഇ.ഡിക്ക് സാധിക്കൂ.

നിരവധി ആരോഗ്യ പ്രശ്ങ്ങളുള്ള മല്ലിക്കിന്റെ ആരോഗ്യനില വഷളാകുന്ന തരത്തിലാണ് ഇ.ഡി പരിശോധന മുന്നോട്ട് പോകുന്നതെന്ന് കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു.

കഴിഞ്ഞ തൃണമൂൽ കോൺഗ്രസ്‌ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരിക്കെ റേഷൻ വിതരണത്തിൽ അഴിമതി നടത്തി എന്നാരോപിച്ചായിരുന്നു ഇ.ഡി മല്ലിക്കിന്റെയും അനുയായികളുടെയും വസതികളിൽ റെയ്ഡ് നടത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് ഇ.ഡി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടയിൽ മല്ലിക്ക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight: West Bengal Minister fainted in Court after ED arrest in alleged ration corruption case

We use cookies to give you the best possible experience. Learn more