| Tuesday, 27th March 2018, 2:30 pm

കണ്ണും മുഖവും അടിച്ചു പൊട്ടിക്കും, ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വാ; ബി.ജെ.പി പ്രസിഡന്റിനെ വെല്ലുവിളിച്ച് ബംഗാളിലെ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെ വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മന്ത്രി രബീന്ദ്രനാഥ് ഘോഷ്. നേര്‍ക്കുനേര്‍ പോരാട്ടത്തിനു തയ്യാറുണ്ടോയെന്നാണ് രബീന്ദ്രനാഥ് ഘോഷിന്റെ വെല്ലുവിളി.

കൂടിപ്പോയാല്‍ മൂന്നുമിനിറ്റ് അതിനുള്ളില്‍ പരാജയപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. ” വടികൊണ്ട് കളിക്കാന്‍ തയ്യാറല്ലെങ്കില്‍ ഞാന്‍ റസലിങ്ങിനും തയ്യാറാണ്. അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കൂടിപ്പോയാല്‍ പത്തുമിനിറ്റ്. അദ്ദേഹം ബോക്‌സിങ്ങിനു തയ്യാറാണെങ്കില്‍ അദ്ദേഹത്തിന്റെ കണ്ണും മൂക്കും മുഖവും അടിച്ചുപൊട്ടിക്കും ഞാന്‍.” എന്നാണ് രബീന്ദ്രനാഥ് ഘോഷ് പറഞ്ഞത്.


Must Read: ‘ഞങ്ങള്‍ യുദ്ധത്തിലാണെന്ന ഭയം തോന്നിത്തുടങ്ങിയിരിക്കുന്നു’; സൗദിയ്ക്കെതിരായ ഹൂതി ആക്രമണത്തിനു പിന്നാലെ ഭീതിയില്‍ റിയാദ് ജനത


മാര്‍ച്ച് 25ന് ബംഗാളിലെ മിഡ്‌നാപൂരില്‍ നടന്ന രാമനവമി ആഘോഷത്തില്‍ വാളുമുയര്‍ത്തിപ്പിടിച്ച് ദിലീപ് ഘോഷിനെ കണ്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. രാമനവമിയെ തുടര്‍ന്ന് ബംഗാളില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

ആയുധം കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടും ആയുധവുമായെത്തിയതിനാണ് നടപടി. എന്നാല്‍ അസ്ത്രപൂജ നടത്തുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും ആയുധങ്ങള്‍ക്ക് നിരോധനമുള്ള കാര്യം തനിക്ക് അറിയാമായിരുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.


Also Read: ‘എസ്.പി- ബി.എസ്.പി ബന്ധത്തില്‍ വിള്ളല്‍?’ ഇനിയുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ എസ്.പിക്കുവേണ്ടി ബി.എസ്.പി പ്രവര്‍ത്തകര്‍ ഇറങ്ങില്ലെന്ന് മായാവതി


ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ രാമനവമിയുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 10ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാമനവമി റാലി സംഘടിപ്പിച്ച ബി.ജെ.പി, വി.എച്ച്.പി പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് ആയുധവുമായി പ്രകടനം നടത്തിയതിനെതിരെ പൊലീസ് നടപടിയെടുത്തതോടെയാണ് ഏറ്റുമുട്ടലിനു വഴിവെച്ചത്.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം

We use cookies to give you the best possible experience. Learn more