പശ്ചിമബംഗാള്‍ ഇനി 'ബംഗ്ലാ' ; പേരുമാറ്റം ഉടന്‍
national news
പശ്ചിമബംഗാള്‍ ഇനി 'ബംഗ്ലാ' ; പേരുമാറ്റം ഉടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th July 2018, 3:24 pm

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പശ്ചിമബംഗാള്‍ അസംബ്ലി പാസ്സാക്കി. വിഷയത്തില്‍ അനുമതിക്കായി പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഒൗദ്യോഗികമായി തന്നെ സംസ്ഥാനത്തിന്റെ പേര് മാറ്റാം.

സംസ്ഥാനത്തിന്റെ പേര് മാറ്റത്തിന് 2016 ആഗസ്റ്റില്‍ ബംഗാള്‍ നിയമസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ബംഗാളിയില്‍ ബംഗ്ല(Bangla) എന്നും ഇംഗ്ലീഷില്‍ ബംഗാള്‍(Bengal) എന്നും ഹിന്ദിയില്‍ ബംഗാള്‍(Bangal) എന്നും അറിയപ്പെടുമെന്നുമായിരുന്നു സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ ഒരു സംസ്ഥാനം വ്യത്യസ്തമായ മൂന്ന് രീതിയില്‍ അറിയപ്പെടുന്നത് തെറ്റാണെന്ന് പറഞ്ഞ് പദ്ധതി കേന്ദ്രം തള്ളുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് എല്ലാ ഭാഷയിലും ബംഗ്ലാ എന്ന് അറിയപ്പെടുന്ന രീതിയില്‍ പേര് മാറ്റിക്കൊണ്ടുള്ള പ്രമേയം കാബിനറ്റ് പാസ്സാക്കിയിരുന്നു. ആ പ്രമേയമാണ് ഇന്ന് അസംബ്ലിയില്‍ പാസ്സാക്കിയത്.


“കൊച്ചിയിലെത്തിയാലുടന്‍ ഹനാനെ കാണും”; പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന്‍


 

ഈസ്റ്റ് ബംഗാള്‍ ഇല്ലാത്ത സ്ഥിതിക്ക് വെസ്റ്റ് ബംഗാള്‍ എന്ന് അറിയപ്പെടേണ്ടതില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. തുടര്‍ന്നാണ് ബംഗ്ലാ എന്ന പേര് തീരുമാനിക്കുന്നത്. കോളനി വാഴ്ചക്കാലത്തെ അനുസ്മരിപ്പിക്കുന്ന പശ്ചിമ ബംഗാള്‍ എന്ന പേര് മാറ്റണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ആദ്യം നിര്‍ദ്ദേശിച്ചത്.

സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും അനുസരിച്ചാണ് പേര് മാറ്റാന്‍ തീരുമാനിച്ചതെന്ന് അന്നത്തെ പാര്‍ലമെന്ററികാര്യമന്ത്രി പാര്‍ത ചാറ്റര്‍ജി പറഞ്ഞിരുന്നു. സംസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ അക്ഷരമാലാ ക്രമത്തില്‍ പശ്ചിമ ബംഗാള്‍ അവസാന സ്ഥാനത്ത് ആകുന്നതും പേര് മാറ്റാനുള്ള കാരണമാണ്.

1947 ലെ വിഭജനത്തോടെയാണ് വെസ്റ്റ് ബംഗാളും ഈസ്റ്റ് ബംഗാളും പിറവിയെടുക്കുന്നത്. ഈസ്റ്റ് ബംഗാള്‍ പിന്നീട് ഈസ്റ്റ് പാക്കിസ്ഥാനും 1971 ല്‍ ബംഗ്ലാദേശുമായി മാറുകയും ചെയ്തു.