കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബി.ജെ.പിയെന്ന് മമത പറഞ്ഞു.
തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ താല്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ പോകാമെന്നും മമത പറഞ്ഞു. പുരുലിയയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതയുടെ പരാമര്‍ശം.
‘രാഷ്ട്രീയം എന്നത് ഒരു വ്യക്തിയുടെ പ്രത്യയശാസ്ത്രമാണ്. വസ്ത്രങ്ങള്‍ മാറുന്നതുപോലെ ദിവസവും മാറ്റാനുള്ളതല്ല അത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും ബി.ജെ.പിയിലേക്ക് പോകണമെന്ന് തോന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ പോകാം. എന്തുവന്നാലും അവര്‍ക്കു മുന്നില്‍ ഞങ്ങള്‍ തോറ്റുകൊടുക്കില്ല. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബി.ജെ.പിക്കാര്‍’, മമത പറഞ്ഞു.
അതേസമയം ബംഗാളില്‍ തെരഞ്ഞെടുപ്പ് രംഗത്ത് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി.അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.
മുഖ്യ എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണമാണ് ബി.ജെ.പി നേതൃത്വം കാഴ്ചവെയ്ക്കുന്നത്. തൃണമൂലില്‍ നിന്ന് പല നേതാക്കളും ബി.ജെ.പിയിലേക്ക് പോയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.
സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക