| Saturday, 26th December 2020, 9:01 pm

ബംഗാളിനെ മോദിയുടെ കൈകളില്‍ ഏല്‍പ്പിക്കൂ; തൃണമൂല്‍ അച്ചടക്കമില്ലാത്ത പാര്‍ട്ടി, ഇത്രയും നാള്‍ പ്രവര്‍ത്തിച്ചതില്‍ ലജ്ജ തോന്നുന്നുവെന്ന് സുവേന്തു അധികാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുവേന്തു അധികാരി. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിജയ വര്‍ഗ്ഗിയയോടൊപ്പം പങ്കെടുത്ത പൊതുപരിപാടിയിലായിരുന്നു സുവേന്തുവിന്റെ വിമര്‍ശനം.

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി നിരസിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ബി.ജെ.പി നമ്മളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ 21 വര്‍ഷം തൃണമൂലില്‍ പ്രവര്‍ത്തിച്ചതോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു. അവരുടെ സംസ്‌കാരത്തില്‍ നിന്ന് ബംഗാളിനെ എത്രയും പെട്ടെന്ന് രക്ഷിക്കണം, സുവേന്തു പറഞ്ഞു.

അതുകൊണ്ടാണ് താന്‍ അമിത് ഷായുമായി സംസാരിച്ചതെന്നും ബി.ജെ.പിയ്ക്ക് മാത്രമെ ബംഗാളില്‍ ഇനിയെന്തെങ്കിലും ചെയ്യാന്‍ കഴിയുള്ളുവെന്നും സുവേന്തു പറഞ്ഞു. തൃണമൂല്‍ ഒരു അച്ചടക്കമുള്ള പാര്‍ട്ടിയല്ലെന്നും ബി.ജെ.പിയിലെ പ്രവര്‍ത്തനത്തിലൂടെ അതെന്താണെന്ന് ബംഗാളിലെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കുമെന്നും സുവേന്തു പറഞ്ഞു.

പാകിസ്താനിലും ബലൂചിസ്ഥാനിലും ഉള്ളവര്‍ മോദിജിയെ അത്രയേറെ ബഹുമാനിക്കുന്നു. അവര്‍ അദ്ദേഹത്തിന് രാഖികള്‍ സമ്മാനമായി അയക്കുന്നു. ബംഗാളിലേക്ക് എത്തുന്നവരെയെല്ലാം പുറത്തു നിന്ന് അതിക്രമിച്ചെത്തിയവര്‍ എന്ന് മുദ്രകുത്തുകയാണ് മമതയെന്നും സുവേന്തു പറഞ്ഞു.

അതേസമയം, പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി തുടരുകയാണ്. അമിത് ഷായാണ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്നത്. ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണങ്ങളും ബംഗാളില്‍ നടക്കുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 294 അംഗ നിയമസഭയില്‍ 200 സീറ്റും പിടിച്ച് മമത ബാനര്‍ജിയെ വെറും പുല്‍ക്കൊടി മാത്രമാക്കി മാറ്റുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Suvendhu Adhikari Slams Trinamool Congress

We use cookies to give you the best possible experience. Learn more