കൊൽക്കത്ത: നീറ്റിനെതിരെയും പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെയും പശ്ചിമ ബംഗാൾ സർക്കാർ പ്രമേയം പാസാക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
‘പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ട് അവർ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. ഡോക്ടർമാരും പത്രപ്രവർത്തകരും വരെ അതിനെ ഭയക്കുന്നു. സ്വാതന്ത്ര്യം അപകടത്തിലാണ്. തെളിവുകളില്ലെങ്കിലും ഒരാൾക്ക് നിയമത്തിന് ഇരയാകാം.
ബില്ലുകൾ മനസിലാക്കാൻ ഒരു അവസരവും നൽകാതെ, അവർ ഏകപക്ഷീയമായി അത് പാസാക്കി. ഇത് സദ്ഭരണത്തെയും ജുഡീഷ്യറിയെയും നിയമ സാഹോദര്യത്തെയും
പൊലീസിനെയടക്കം എല്ലാവരെയും ബാധിക്കും,’ മമത പറഞ്ഞു.
പാർലമെൻ്റിൽ പ്രതിപക്ഷവുമായി ആലോചിക്കാതെയാണ് ബിൽ പാസാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ മമത നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പരാജയം ചൂണ്ടിക്കാട്ടി മമത ബാനർജി ബി.ജെ.പിയെ പരിഹസിച്ചു .
ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ ബി.ജെ.പിക്ക് എതിരാണെന്നും അവർ പറഞ്ഞു. പശ്ചിമ ബംഗാളിൽ റായ്ഗഞ്ച്, ബാഗ്ദ, റാണാഘട്ട് ദക്ഷിണ് സീറ്റുകളിൽ ടി.എം.സി ജയിച്ചതും മണിമക്തലയിലെ വിജയവും സന്തോഷം നൽകുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
ടി.എം.സിയുടെ വിജയം ജനങ്ങളുടെ വിജയമാണെന്നും പാർട്ടിക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെ ഇത് കൂടുതൽ മെച്ചപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlight: West Bengal govt to pass resolution against NEET and new criminal laws