| Sunday, 6th December 2020, 5:56 pm

ബംഗാളില്‍ നിയമവാഴ്ചയില്ല; രാഷ്ട്രപതി ഭരണത്തിന്റെ വാളെടുത്ത് വീണ്ടും ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ജഗ്ദീപ് ധംഖര്‍. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ധംഖര്‍ പറഞ്ഞു.

അംബേദ്കറുടെ ആത്മാവ് ഇതെല്ലാം കണ്ട് വേദനിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ വളരെയധികം നിരാശനും ആശങ്കാകുലനുമാണ്. ഭരണഘടനയില്‍ നിന്ന് ഏറെ അകന്നാണ് ബംഗാളിലെ ഭരണം മുന്നോട്ടുപോകുന്നത്. നിയമവാഴ്ചയില്‍ നിന്ന് സംസ്ഥാന ഭരണം അകന്നിരിക്കുന്നു’, അംബേദ്കറിന്റെ ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച പരപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമില്ലാതെ നിക്ഷ്പക്ഷമായി നിലകൊണ്ട് ഭരണത്തേയും പൊലീസ് സംവിധാനത്തേയും കൊണ്ടുപോകുന്നുവെന്ന് മമത ഉറപ്പുവരുത്തണം. ഭരണഘടനയുടെ മൂല്യങ്ങളെ നഷ്ടപ്പെടുത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ധംഖര്‍ തന്റെ സ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ചല്ല സംസാരിക്കുന്നതെന്ന് തൃണമൂല്‍ വക്താവ് സൗഗത റോയ് പറഞ്ഞു.

‘എല്ലാ ദിവസവും അദ്ദേഹം ഇതുതന്നെ പരസ്യമായി പറയുന്നത് ശരിയല്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ സര്‍ക്കാരിന് കത്തയയ്ക്കുകയോ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യണം. അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നത് ശരിയല്ല’, സൗഗത റോയ് പറഞ്ഞു.

ബംഗാളില്‍ ക്രമസമാധാനത്തിന് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേയും മമത സര്‍ക്കാരിനെതിരെ ധംഖര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭരണത്തിനെതിരെ ഗവര്‍
ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: West Bengal govt distancing itself from rule of law: Dhankar

We use cookies to give you the best possible experience. Learn more