ബംഗാളില്‍ നിയമസഭാ സമ്മേളനം തടഞ്ഞ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
national news
ബംഗാളില്‍ നിയമസഭാ സമ്മേളനം തടഞ്ഞ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th February 2022, 5:44 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ സമ്മേളനം ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ തടഞ്ഞു. ഭരണഘടനയുടെ 174-ാം വകുപ്പ് പ്രകാരമാണ് ഗവര്‍ണറുടെ നടപടി. ഫെബ്രുവരി 12 മുതല്‍ അടിയന്തിര പ്രാധാന്യത്തോടെ സഭ നിര്‍ത്തിവയ്ക്കുന്നു എന്നാണ് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുള്ളത്.

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അസാധാരണ നടപടിയാണെന്നാണ് സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്. ബജറ്റ് സമ്മേളനത്തെ തുടര്‍ന്നുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ഗവര്‍ണറുടെ നടപടി. ഫെബ്രുവരി അവസാനവാരമോ മാര്‍ച്ച് ആദ്യവാരമോയാണ് ബജറ്റ് സെഷന്‍ നടക്കുന്നത്.

അതേസമയം, വരുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പാര്‍ലമെന്റ് വകുപ്പ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചിരുന്നു. ധന്‍ഖറെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ടി.എം.സി എം.പി സുകേന്ദു ശേഖര്‍ റായ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രമേയവും കൊണ്ടുവന്നിരുന്നു. രാഷ്ട്രപതി ഗവര്‍ണറെ നീക്കാന്‍ ഇടപെടണം എന്നായിരുന്നു ആവശ്യം.

ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. പശ്ചിമബംഗാളില്‍ ഗവര്‍ണറായി ധന്‍ഖറിനെ ബി.ജെ.പി നിയമിച്ചത് മമതയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് തൃണമൂല്‍ വിമര്‍ശിച്ചു. വരുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പാര്‍ലമെന്റ് വകുപ്പ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചിരുന്നു.

പശ്ചിമബംഗാളില്‍ ഗവര്‍ണറായി ധന്‍ഖറിനെ ബി.ജെ.പി നിയമിച്ചത് മമതയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് തൃണമൂല്‍ വിമര്‍ശിച്ചിരുന്നു.

ഗവര്‍ണറുടെ ചില നടപടിയില്‍ അതൃപ്തി അറിയിച്ച് താന്‍ പ്രധാനമന്ത്രിക്ക് ആറ് കത്തുകള്‍ എഴുതിയെന്നും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ധന്‍ഖറെ ബ്ലോക്ക് ചെയ്തതെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

2019 ലെ നിയമനം മുതല്‍ മമതാ ബാനര്‍ജിയുമായി സ്ഥിരമായി വിയോജിപ്പുള്ളയാളായിരുന്നു ബി.ജെ.പിയുടെ നേതാവായ ഗവര്‍ണര്‍. മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും താന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെ ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ഗവര്‍ണര്‍ നേരത്തെ ആരോപിച്ചിരുന്നു.