| Friday, 22nd January 2021, 1:29 pm

തലവേദന ഒഴിയാതെ തൃണമൂല്‍; മന്ത്രിസ്ഥാനം ഒഴിഞ്ഞ് ബംഗാള്‍ വനംവകുപ്പ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിന് ഞാന്‍ നന്ദി അറിയിക്കുന്നു, ”എന്നാണ് രജീബ് ബാനര്‍ജി രാജിക്കത്തില്‍ എഴുതിയത്. എന്നാല്‍ പാര്‍ട്ടിവിടുന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞദിവസം തൃണമൂല്‍ എം.എല്‍.എ അരിന്ദം ഭട്ടാചാര്യ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിരിക്കുകയാണ്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: West Bengal Forest Minister Rajib Banerjee Resigns From Office

We use cookies to give you the best possible experience. Learn more