കൊല്‍ക്കത്ത: ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ വിജയത്തിലേക്ക് നയിക്കുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാസത്തില്‍ മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങുവാന്‍ തീരുമാനിച്ചതിന് പിറ്റേ ദിവസം തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം ആരംഭിച്ച് പ്രശാന്ത് കിഷോര്‍. ഇതിനായി ഇന്നലെ നേതാജി സ്‌റ്റേഡിയത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.
75 ദിവസം നീണ്ടുനില്‍ക്കുന്ന ‘മമത ബംഗാളിന്റെ അഭിമാനം’ എന്ന മൂന്നാം ഘട്ട പ്രചരണ പരിപാടിയ്ക്കാണ് പ്രശാന്ത് കിഷോര്‍ ആലോചിക്കുന്നത്. 75000 നേതാക്കളേയും ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി ബംഗാളിലെ 2.5 കോടി ജനങ്ങളിലേക്കും എത്തുന്ന തരത്തില്‍ മോദിയ്‌ക്കെതിരെ ദീദി എന്ന ക്യാംപെയ്‌നാണ് ലക്ഷ്യം.
ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയില്‍ വെച്ച് അമിത് ഷാ, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാനായി അമിത് ഷാ സംസ്ഥാനത്ത് മാസത്തില്‍ മൂന്ന് ദിവസം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.