ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനമാണ് രാജ്യത്തെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി ലഭിച്ചിരുന്നു. മോദിയുടെ നീക്കം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കാണിച്ചാണ് വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
എന്നാല്‍ ബംഗാളില്‍ ഒന്നാം ഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പ് നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി. കൊവിഡിന് ശേഷം പ്രധാനമന്ത്രി ആദ്യമായെത്തുന്ന രാജ്യമായി ബംഗ്ലാദേശ് തെരഞ്ഞെടുത്തതിന് പിന്നില്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ആണെന്ന വിധത്തില്‍ നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്.
ബംഗ്ലാദേശിലെ മതുവ വിഭാഗങ്ങള്‍ കൂടുതലായുള്ള പ്രദേശത്താണ് നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശനം നടത്തിയത്. മതുവ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അമ്പലത്തിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി വീണ്ടും ചര്‍ച്ചകളിലേക്കെത്തുന്നത്.
പശ്ചിമ ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 27ാം തീയ്യതി തന്നെ മോദി മതുവ വിഭാഗത്തിന്റെ ക്ഷേത്രം സന്ദര്‍ശിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എന്ന പരാതി അദ്ദേഹം മാര്‍ച്ച് 21 ന് തന്നെ സമര്‍പ്പിച്ചിരുന്നു. ബംഗാളിലെ 29 ഓളം സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള വിഭാഗമാണ് മതുവ. ഇവരെ സ്വാധീനിച്ച് വോട്ട് ബി.ജെ.പിയുടെ പെട്ടിയിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് നിരീക്ഷണം.
ബംഗാളിലെ 29 സീറ്റുകളെ മതുവ വിഭാഗം ആര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നത് ബാധിക്കുമെന്ന് സാകേത് ഗോഖലെ നല്‍കിയ പരാതിയിലും പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ പ്രതിഷേധം നടക്കുന്നതിനിടെ ജഷോരേശ്വരി കാളി ക്ഷേത്രം മോദി ഇന്ന് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകം ഉടന്‍ മോചിക്കപ്പെടണമെന്ന് മാ കാളിയോട് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് മോദി പറഞ്ഞത്.
ഈ പുണ്യ ക്ഷേത്രം സന്ദര്‍ശിച്ച് മാ കാളിക്ക് എന്റെ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകം ഉടന്‍ മോചിപ്പിക്കപ്പെടണമെന്ന് ഞാന്‍ അമ്മയോട് പ്രാര്‍ത്ഥിക്കുന്നു,’ എന്നായിരുന്നു മോദി പറഞ്ഞത്. മാ കാളീ ക്ഷേത്രത്തിലെ സന്ദര്‍ശനത്തിലൂടെ മോദി ലക്ഷ്യമിടുന്നത് മതുവ വിഭാഗത്തെയാണെന്ന് തൃണമൂലും പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: West Bengal Election and Modi’s Bangladesh Visit