കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം തൃണമൂല്‍ കോണ്‍ഗ്രസ് നേടിയെങ്കിലും നന്ദിഗ്രാമിലെ കനത്ത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സുവേന്തു അധികാരി 1200 വോട്ടിനാണ് നന്ദിഗ്രാമില്‍ ജയിച്ചത്.
‘നന്ദിഗ്രാമിലെ ജനങ്ങള്‍ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാന്‍ അത് സ്വീകരിക്കും. എന്നാല്‍, വോട്ടെണ്ണലില്‍ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരേ തീര്‍ച്ചയായും കോടതിയെ സമീപിക്കും’, എന്നായിരുന്നു മമത പറഞ്ഞത്.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയതെന്നും പോള്‍ പാനല്‍ തന്നെ ഇരയാക്കുകയായിരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നന്ദിഗ്രാമില്‍ റീകൗണ്ടിംഗ് വേണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.
മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂലിന്റെ ഉന്നത നേതാക്കളിലൊരാളുമായിരുന്ന സുവേന്തു അധികാരി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിയില്‍ ചേരുന്നത്. ഇതിന് പിന്നാലെ സുവേന്തു വര്‍ഷങ്ങളായി മത്സരിക്കുന്ന നന്ദിഗ്രാമില്‍ നിന്നും അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു.
വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടം മുതല്‍ മുന്നിലായിരുന്ന സുവേന്തു അധികാരിയെ പിന്നീടുള്ള ഘട്ടങ്ങളില്‍ മമത മറികടന്നത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവസാനത്തില്‍ മമത 1700ഓളം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
ബംഗാളില്‍ നിലവില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബി.ജെ.പി 78 സീറ്റിലും ഇടത് ഒരു സീറ്റിലുമാണ് മുന്നിലുള്ളത്.
ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ബംഗാളില്‍ പ്രചരണം നയിച്ചത്. സംസ്ഥാനത്ത് 100 ന് മുകളില്‍ സീറ്റ് പിടിച്ചെടുക്കുമെന്നും ബി.ജെ.പി അവകാശപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mamatha Banerjee Approches Court In Nandigram Defeat