വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് സി.പി.ഐ.എം ബംഗാള്‍ ഘടകം
India
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് സി.പി.ഐ.എം ബംഗാള്‍ ഘടകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th September 2017, 5:37 pm

 

കൊല്‍ക്കത്ത: സി.പി.ഐ.എം നേതാവും രാജ്യസഭാംഗവുമായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് സി.പി.ഐ.എം ബംഗാള്‍ ഘടകം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഋതബ്രതയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്.


Also Read: സി.പി.ഐ.എം പൊളിറ്റ്ബ്യൂറോയില്‍ മുസ്‌ലിം ക്വാട്ടയുണ്ട്, സി.പി.ഐ.എം നേതൃത്വം ബംഗാള്‍ വിരുദ്ധരെന്നും ഋതബ്രത ബാനര്‍ജി


പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിട്ടിരുന്ന എസ്.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യ സെക്രട്ടറികൂടിയായ ഋതബ്രത ഒരു ബംഗാള്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ഘടകം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നുള്ള ആവശ്യം കേന്ദ്ര കമ്മിറ്റിക്ക് മുന്നില്‍ വച്ചത്.

ആഢംബര ജീവിതം നയിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് ഋതബ്രതയെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നത്. വിലകൂടിയ മൊബൈല്‍ ഫോണുകളും വാച്ചുകളും ഉപയോഗിച്ചുവെന്നായിരുന്നു പരാതി. ബാനര്‍ജിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു.

ഈ കമ്മിറ്റി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പാര്‍ട്ടിയില്‍ നിന്നും പുറത്തു നില്‍ക്കുവാന്‍ ബാനര്‍ജിയോട് അന്ന് കേന്ദ്ര ഘടകം നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഋതബ്രത രംഗത്തെത്തിയത്.


Dont Miss: ‘നാണക്കേട്’; മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കോഴിക്കോട്ടെ പരിപാടിയിക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് കമല്‍ഹാസന്‍


പൊളിറ്റ്ബ്യൂറോയില്‍ മുസ്ലിം ക്വാട്ട ഉണ്ടെന്നും പാര്‍ട്ടി നേതൃത്വം ബംഗാള്‍ വിരുദ്ധന്മാരാണെന്നുമായിരുന്നു അഭിമുഖത്തില്‍ ബാനര്‍ജി പറഞ്ഞിരുന്നത്. സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും വരുന്നത് തടഞ്ഞത് പ്രകാശ് കാരാട്ടും ഭാര്യ ബൃന്ദകാരാട്ടുമാണെന്നും ബാനര്‍ജി ആരോപിച്ചിരുന്നു.

“സി.പി.ഐ.എം ബംഗാള്‍ നേതാവും റായ്ഗഞ്ച് എം.പിയുമായ മുഹമ്മദ് സലീമിനെ പൊളിറ്റ്ബ്യൂറോയില്‍ എടുത്തത് പി.ബിയില്‍ മുസ്ലിം ക്വാട്ട ഉള്ളത് കൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എങ്ങനെയാണ് മുസ്ലിംങ്ങള്‍ക്കോ അല്ലെങ്കില്‍ സ്ത്രീകള്‍ക്കോ മാത്രമായി ക്വാട്ട നടപ്പിലാക്കുക”യെന്നായിരുന്നു ബാനര്‍ജിയുടെ ചോദ്യം.

പാര്‍ട്ടി അന്വേഷണ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട സലീം ഉള്‍പ്പടെയുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും ഇതിനെ കുറിച്ച് താന്‍ രഹസ്യമായി അന്വേഷിച്ചുവെന്നും ഋതബ്രത പറഞ്ഞു. സസ്പെന്‍ഷന്‍ കാലയളവില്‍ മിണ്ടാതിരുന്നെങ്കിലും സലീമും മകനും സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ പ്രചാരണം നടത്തിയെന്നും ഋതബ്രത ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം.