കൊല്‍ക്കത്ത: രാമനവമി ആഘോഷത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആരംഭിച്ച സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടികളുമായി മമത സര്‍ക്കാര്‍. സോഷ്യല്‍മീഡിയ വഴി വ്യാജപ്രചരണങ്ങളിലൂടെ ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളെ നിരീക്ഷിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുത്വ പേജുകള്‍, പ്രൊഫൈലുകള്‍, തീവ്ര ഹിന്ദുത്വ പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
സോഷ്യല്‍മീഡിയയിലൂടെ കടുത്ത വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. സമൂഹങ്ങള്‍ക്കിടയില്‍ അഭ്യൂഹ പ്രചരണങ്ങളിലൂടെ ഭയം ഉണ്ടാക്കുകയാണെന്നും അത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും പറഞ്ഞ മമത താന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും അവര്‍ക്ക് ലഹളകള്‍ പടര്‍ത്തണം പക്ഷെ നമ്മള്‍ അത് ഇല്ലാതാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ ഏജന്‍സികള്‍ സോഷ്യല്‍മീഡിയകളില്‍ നിരന്തരം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്ന ഗ്രൂപ്പുകളെ പരിശോധിച്ച് വരികയാണെന്നും ഫേക്ക് പ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് കൂടുതല്‍ പേരും പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം പ്രൊഫൈലുകള്‍ തങ്ങള്‍ നീക്കം ചെയ്ത് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.