പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു; ബംഗാള്‍ രാഷ്ട്രീയത്തിലെ ഈ 'അതികായകന്‍' കോണ്‍ഗ്രസിന് ആരായിരുന്നു?
national news
പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു; ബംഗാള്‍ രാഷ്ട്രീയത്തിലെ ഈ 'അതികായകന്‍' കോണ്‍ഗ്രസിന് ആരായിരുന്നു?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 10:50 am

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു. 78 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് 17 ദിവസമായി മിത്രയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയ്ക്ക് ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു മരണം. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

ബംഗാള്‍ രാഷ്ട്രീയത്തിലെ അതികായകനായിരുന്നു സോമന്‍ മിത്ര. 1960ല്‍ വിദ്യാര്‍ത്ഥി നേതാവായിട്ടായിരുന്നു രാഷ്ട്രീയ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് അഞ്ച് പതിറ്റാണ്ടോളം പ്രക്ഷുബ്ധമായ രാഷ്ട്രീയ ജീവിതം.

1967ല്‍ ബംഗാളില്‍ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാരുണ്ടായപ്പോള്‍, പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്ത് കോണ്‍ഗ്രസിലെ ജനപ്രിയ നേതാക്കളിലൊരാളായി മാറി. മുന്‍ കേന്ദ്രമന്ത്രി പ്രിയ രഞ്ജന്‍ ദാസ്മുന്‍ഷിയുടെ അടുത്ത അനുയായിയായിരുന്നു മിത്ര.

കോണ്‍ഗ്രസ് നേതാവായിരുന്ന എ.ബി.എ ഘാനി ഖാന്‍ ചൗധരിയുടെ പിന്‍ബലത്തോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മിത്ര 1972ല്‍ ബംഗാള്‍ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയായി. അന്ന് 26 വയസായിരുന്നു അദ്ദേഹത്തിന്.

1977ലെ തെരഞ്ഞെടുപ്പ് പരാജയമൊഴിച്ചാല്‍, 1982 മുതല്‍ 2006 വരെ അദ്ദേഹം തുടര്‍ച്ചയായി ജയിച്ചുകയറി. ഇങ്ങനെ സിയാല്‍ദ നിയമസഭ മണ്ഡലത്തില്‍നിന്നും ആറ് ടേമുകളില്‍ എം.എല്‍.എയായി സോമന്‍ മിത്ര. 1996-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്86 സീറ്റുകള്‍ നേടുന്നതില്‍ മിത്രയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.

ഇളയ സഹോദരന്‍ എന്നര്‍ത്ഥം വരുന്ന ഛോര്‍ദ എന്ന പേരില്‍ അറിയപ്പെട്ട മിത്ര, 1960,70-കളിലെ തീപ്പൊരി രാഷ്ട്രീയക്കാരന്‍ എന്ന വിശേഷണത്തിനും അര്‍ഹനായി. അക്കാലത്ത് കൊല്‍ക്കത്തയില്‍ നക്‌സലുകള്‍ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആറ് തവണ കോണ്‍ഗ്രസിന്റെ പശ്ചിമ ബംഗാള്‍ സംസ്ഥാനാധ്യക്ഷനായി പ്രവര്‍ത്തിച്ചു.

2008ല്‍ മിത്ര കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയിരുന്നു. പിന്നീട് 2009ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ടിക്കറ്റില്‍ മത്സരിച്ച് എം.പിയായി.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മിത്ര ഹൈക്കമാന്‍ഡിന്റെ ഇഷ്ടക്കാരനുമായിരുന്നു. എങ്കിലും കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ എത്തിയപ്പോള്‍ മിത്ര പരാജയപ്പെടുത്തിയത് സോണിയ ഗാന്ധി ഇറക്കിയ ഡി.പി റോയിയെ ആയിരുന്നു.

2014ലാണ് മിത്ര തൃണമൂലുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന് പഴയ പാളയമായ കോണ്‍ഗ്രസിലേക്ക് മടങ്ങുകയായിരുന്നു. 2018ല്‍ വീണ്ടും സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റെടുത്തു. 2019 ല്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമായുള്ള സഖ്യത്തില്‍ മിത്രയുടെ നിലപാട് നിര്‍ണായകമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ