കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
മമത ബാനര്‍ജി അഞ്ച് ദിവസത്തെ ദല്‍ഹി സന്ദര്‍ശനത്തിലാണ്. ചൊവ്വാഴ്ചയായിരിക്കും മോദിയുമായുള്ള മമതയുടെ കൂടിക്കാഴ്ച.
അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശേഷം മമത ബാനര്‍ജിയുടെ ദല്‍ഹിയിലേക്കുള്ള ആദ്യ യാത്രയാണിത്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മമത പത്രസമ്മേളനവും നടത്തും
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെയും ഉച്ചകഴിഞ്ഞ് 3 ന് കോണ്‍ഗ്രസ് രാജ്യസഭാ എം.പി. ആനന്ദ് ശര്‍മയേയും കാണും.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മമത ബാനര്‍ജി കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വിയെ കാണും. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ജൂലൈ 28 ന് വൈകുന്നേരം 4.30 നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കുന്നതിനായി റിട്ടയഡ് ജസ്റ്റിസ് എം.വി. ലോകുര്‍, ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ പാനലിനെ രൂപീകരിക്കാന്‍ തീരുമാനിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ നമ്പറും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടവരില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
‘പെഗാസസ് ചോര്‍ത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. പക്ഷെ സര്‍ക്കാര്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. ഞങ്ങള്‍ക്ക് നീതിവേണം,’ അഭിഷേക് ബാനര്‍ജി പറഞ്ഞു.
അനധികൃത ഹാക്കിംഗ്, ഫോണ്‍ ചോര്‍ത്തല്‍, നിരീക്ഷണം എന്നിവ പരിശോധിക്കാനാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.