പൗരത്വ നിയമത്തിന്റെ മറവില്‍ ജയിലിലടക്കപ്പെടേണ്ടെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തൂ: മമത ബാനര്‍ജി
national news
പൗരത്വ നിയമത്തിന്റെ മറവില്‍ ജയിലിലടക്കപ്പെടേണ്ടെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തൂ: മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2022, 4:44 pm

കൊല്‍ക്കത്ത: പൗരത്വ നിയമത്തിന്റെ (National Register of Citizens) മറവില്‍ കുരുങ്ങി ജയിലിലടക്കപ്പെടേണ്ടെങ്കില്‍ വോട്ടര്‍ ലിസ്റ്റില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബംഗാളിലെ എല്ലാ ജില്ലകളിലുമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിക്കൊണ്ട് പട്ടയം വിതരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു മമതയുടെ പ്രതികരണം. 4701 പട്ടയങ്ങളാണ് പരിപാടിയില്‍ വെച്ച് കൈമാറിയത്.

”നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ എന്‍.ആര്‍.സിയുടെ പേരില്‍ നിങ്ങളെ തടങ്കല്‍പാളയങ്ങളിലേക്കയക്കും. അത് ലജ്ജാകരമാണ്,” എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

എയര്‍പോര്‍ട്ട്- റെയില്‍വേ അതോറിറ്റികള്‍ നിര്‍ബന്ധിതമായി ഭൂമി പിടിച്ചെടുക്കുന്നതിനെ കുറിച്ചും മമത സംസാരിച്ചു. ‘കൃത്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ ആരെയും കുടിയൊഴിപ്പിക്കുന്നത് ബംഗാളില്‍ അനുവദിച്ച് കൊടുക്കില്ല,’ എന്നാണ് മമത പറഞ്ഞത്.

ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുകയാണെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി, ബംഗാള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അവരോട് വാഗ്ദാനം ചെയ്തു.

നേരത്തെ ജി.എസ്.ടി വിഷയത്തിലും ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത രംഗത്തെത്തിയിരുന്നു. ബംഗാളിന് ലഭിക്കേണ്ട ചരക്ക് സേവന നികുതി കുടിശ്ശിക, വിവിധ കേന്ദ്ര പദ്ധതികള്‍ക്ക് കീഴിലുള്ള ഫണ്ടുകള്‍ എന്നിവ നരേന്ദ്ര മോദി സര്‍ക്കാര്‍ തടഞ്ഞുവെക്കുകയാണെന്നായിരുന്നു മമത ആരോപിച്ചത്.

”100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് നിര്‍ബന്ധമായും തരണം. എന്നിരുന്നാലും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോയി കണ്ടു. ഇനി ഞാന്‍ നിങ്ങളുടെ കാലില്‍ വീണ് യാചിക്കണോ?

ബി.ജെ.പി ഭരണത്തിന് കീഴില്‍ നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്തിലാണോ ജീവിക്കുന്നത്? അതോ ഇന്ത്യ ഒരു ‘ഏകകക്ഷി’ രാജ്യമായി മാറിയോ? ഞങ്ങള്‍ക്ക് ഞങ്ങളുടെ കുടിശ്ശിക തരൂ. അല്ലെങ്കില്‍ ജി.എസ്.ടി തന്നെ എടുത്തൊഴിവാക്കൂ.

തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശിക നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നേ മതിയാകൂ. അത് പറ്റില്ലെങ്കില്‍ നിങ്ങളുടെ പ്രധാനമന്ത്രി കസേര ഉപേക്ഷിച്ച് പോകൂ,” എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞത്.

ബംഗാളിലേക്കുള്ള ഫണ്ട് നിര്‍ത്തലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ജി.എസ്.ടിയും നിര്‍ത്തലാക്കാമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ സുവേന്ദു അധികാരിക്കുള്ള മറുപടിയായായിരുന്നു മമത ഇക്കാര്യം പറഞ്ഞത്.

അഴിമതി പോലുള്ള കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, വിവിധ പദ്ധതികളിന്മേല്‍ കേന്ദ്രം ബംഗാളിന് നല്‍കിവരുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കുമെന്നായിരുന്നു സുവേന്ദു അധികാരി നേരത്തെ പറഞ്ഞത്.

”ബംഗാളിനെ അപമാനിക്കുന്നത് തുടര്‍ന്നാല്‍, ഒരു ദിവസം ഇത്തരം രാഷ്ട്രീയക്കാരെല്ലാം സംപൂജ്യരായി മാറും. ഈ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യത്തിലേക്ക് വരുമ്പോള്‍ അക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍.

നിങ്ങള്‍ക്ക് ഇവിടെ നിന്ന് നികുതി പിരിക്കാനും അതേസമയം ഞങ്ങളുടെ നിയമാനുസൃത കുടിശ്ശിക തടഞ്ഞുവെക്കാനും കഴിയില്ല. അവകാശവാദങ്ങള്‍ നിഷേധിക്കപ്പെടുകയും കുടിശ്ശികകള്‍ തടഞ്ഞുവെക്കുകയും ചെയ്താല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണം,” ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: West Bengal CM Mamata Banerjee says to ensure name on Voter List to avoid detention under Citizenship Law