'അവര്‍ എഴുതിയത് ജനങ്ങളുടെ പരാതി': പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസകാരിക പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി മമത
ന്യൂദല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍കൂട്ട ആക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ എല്ലാവര്‍ക്കുമറിയാമെന്നും കത്തെഴുതിയ എല്ലാവരെയും ബഹുമാനിക്കുന്നുവെന്നും മമതാ ബാനര്‍ജി പറഞ്ഞു.
‘എന്താണ് സംഭവിക്കുന്നതെന്ന് ഈ രാജ്യത്തെ എല്ലാവര്‍ക്കും അറിയാം. കത്ത് എഴുതിയ എല്ലാവരെയും ഞാന്‍ ബഹുമാനിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ പരാതിയാണ് അവര്‍ എഴുതിയത്’ മമതാ ബാനര്‍ജി എ.എന്‍.ഐയോട് പ്രതികരിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്നം, അനുരാഗ്, കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരായിരുന്നു പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ജയ് ശ്രീറാം ഇപ്പോള്‍ യുദ്ധത്തിനുള്ള മുറവിളിയായി മാറിയിരിക്കുകയാണെന്നും അതില്‍ വേദനയുണ്ടെന്നുമാണ് കത്തില്‍ ഇവര്‍ പറയുന്നത്.
‘ഭൂരിപക്ഷ സമുദായം പരിപാവനമായി കാണുന്ന ഒരു പേരാണ് രാം എന്നത്. രാമന്റെ പേര് കളങ്കപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം’ എന്നും കത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു.
‘മുസ്ലീങ്ങള്‍, ദളിതര്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവര്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം. 2016ല്‍ ദളിതര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 840ലേറെ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും അതില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശതമാനത്തില്‍ വന്‍ ഇടിവുണ്ടെന്നുമുള്ള ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ കണ്ട് ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.’
‘2009 ജനുവരി 1നും 2018 ഒക്ടോബര്‍ 29നും ഇടയില്‍ മതവുമായി ബന്ധപ്പെട്ട 254 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. അതില്‍ 91 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 579 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 63% കേസുകളിലും മുസ്ലീങ്ങളാണ് പ്രധാന ഇരകളെന്നാണ് ഹെയ്റ്റ് ക്രൈം വാച്ച് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ‘ എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
‘ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങളെ പാര്‍ലമെന്റില്‍ നിങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടായില്ല! കുറ്റവാളികള്‍ക്കെതിരെ എന്ത് നടപടിയാണ് നിങ്ങള്‍ കൈക്കൊണ്ടത്?’ എന്നും കത്തില്‍ ചോദിക്കുന്നുണ്ട്.
‘അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല. സര്‍ക്കാറിനെതിരെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയെന്നതുകൊണ്ട് ആളുകളെ ദേശവിരുദ്ധരോ അര്‍ബന്‍ നക്സലുകളോ ആയി മുദ്രകുത്താന്‍ പാടില്ല.’ എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.