കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം ബി.ജെ.പിയുടെ കെണിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സി.എ.എ പ്രകാരം 2014 ഡിസംബര്‍ 31ന് ശേഷം ഇന്ത്യയില്‍ പ്രവേശിച്ചവര്‍ മതാടിസ്ഥാനത്തില്‍ അല്ലാതെ അനധികൃത കുടിയേറ്റക്കാരായി മാറുമെന്ന് മമത പറഞ്ഞു.
നിയമത്തിന് രാജ്യത്ത് സാധുതയില്ലെന്നും ചട്ടങ്ങളില്‍ വ്യക്തതയില്ലെന്നും മമത ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിലെ ദളിത്, നാമസൂദ്ര സമുദായങ്ങളുടെ ഗണ്യമായ സാന്നിധ്യമുള്ള ബംഗാളില്‍ ഏതാനും ചില സീറ്റുകള്‍ പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പി എല്ലാവരെയും കബളിപ്പിക്കുകയാണെന്നും പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ആയിരം തവണ ചിന്തിക്കണമെന്നും മമത മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയില്‍ ഒരാളെ പൗരനായി പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് അവകാശമുണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആ അധികാരം എടുത്തുകളഞ്ഞുവെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി.
മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ പശ്ചാത്തലം തെളിയിക്കുന്നത് പലര്‍ക്കും അസാധ്യമാണെന്നും മമത കൂട്ടിച്ചേര്‍ത്തു. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം എങ്ങനെ നടപ്പിലാക്കുമെന്നതില്‍ സി.എ.എ വ്യക്തത നല്‍കുന്നില്ലെന്നും മമത പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 14 (നിയമത്തിന് മുമ്പിലുള്ള തുല്യത, നിയമങ്ങളുടെ തുല്യ സംരക്ഷണം), ആര്‍ട്ടിക്കിള്‍ 21 (ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും) എന്നിവ പ്രകാരം സി.എ.എ പൗരന്മാരുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടോയെന്നും മമത ചോദിച്ചു.
സി.എ.എ നിയമത്തെ വിമര്‍ശിച്ച് സമാജ്വാദി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ പത്ത് വര്‍ഷ ഭരണ കാലയളവിനുള്ളില്‍ ലക്ഷക്കണക്കിന് പൗരന്മാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
‘പാവപ്പെട്ടവരെ വോട്ട് ബാങ്കാക്കാന്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരാണ്,’ ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ എക്സില്‍ കുറിച്ചു.
Content Highlight: West Bengal Chief Minister Mamata Banerjee said that the Citizenship Amendment Act is a trap of BJP