ഇത് ആദരവിന്റെ ഭാഗമായുള്ള സന്ദര്‍ശനമാണ്, സ്റ്റാലിന്‍ എന്റെ സഹോദരനെ പോലെ; മമത ബാനര്‍ജി തമിഴ്‌നാട്ടില്‍
national news
ഇത് ആദരവിന്റെ ഭാഗമായുള്ള സന്ദര്‍ശനമാണ്, സ്റ്റാലിന്‍ എന്റെ സഹോദരനെ പോലെ; മമത ബാനര്‍ജി തമിഴ്‌നാട്ടില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd November 2022, 10:48 pm

ചെന്നൈ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തമിഴ്‌നാട്ടിലെത്തി. ചെന്നെയിലെത്തിയ മമത ബുധനാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ചു.

”ഇത് മര്യാദയുടെയും ആദരവിന്റെയും പുറത്തുള്ള സന്ദര്‍ശനമാണ്. സ്റ്റാലിന്‍ എന്റെ സഹോദരനെപ്പോലെയാണ്,” സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സന്ദര്‍ശനത്തില്‍ രാഷ്ട്രീയവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ചര്‍ച്ചയായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ”എന്തുകൊണ്ട് രാഷ്ട്രീയം മാത്രം? വികസനത്തെക്കുറിച്ചും നമുക്ക് സംസാരിക്കാം. അതും പ്രധാനമാണ്,” എന്നായിരുന്നു മമത പറഞ്ഞത്.

ഇതൊരു സഹോദരി- സഹോദര കൂടിക്കാഴ്ച പോലെയാണ്, എന്നാണ് എം.കെ. സ്റ്റാലിനും പ്രതികരിച്ചത്.

മമതയുമായി തന്റെ വസതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ എം.കെ. സ്റ്റാലിന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെയും പങ്കുവെച്ചിട്ടുണ്ട്.

ബംഗാള്‍ സന്ദര്‍ശിക്കാനുള്ള മമതയുടെ ക്ഷണവും സ്റ്റാലിന്‍ സ്വീകരിച്ചിട്ടുണ്ട്.

ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്റെ സഹോദരന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ്, ക്ഷണപ്രകാരം മമത തമിഴ്‌നാട്ടിലെത്തിയിരിക്കുന്നത്.

എന്നാല്‍ മമത- സ്റ്റാലിന്‍ കൂടിക്കാഴ്ചയില്‍ 2024 പൊതുതെരഞ്ഞെടുപ്പ് ചര്‍ച്ചയായിട്ടുണ്ട് എന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

സംഘപരിവാര്‍ വിരുദ്ധ വിശാല പ്രതിപക്ഷ മുന്നണി എന്ന ആശയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയില്‍ നില്‍ക്കുന്ന ഈ സമയത്ത് രാജ്യത്തെ ശക്തരായ രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചക്കുള്ള രാഷ്ട്രീയ മാനങ്ങളും വലുതാണ്.

2024 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിക്കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് നേരത്തെ തന്നെ മമത പ്രതികരിച്ചിരുന്നു.

Content Highlight: West Bengal Chief Minister Mamata Banerjee met her Tamil Nadu counterpart MK Stalin