| Monday, 15th April 2024, 8:47 pm

ബി.ജെ.പി നേതാക്കൾ സഞ്ചരിക്കുന്ന ഹെലികോപ്റ്ററുകളില്‍ പരിശോധന നടത്താൻ കഴിയുമോ?; ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി നേതാക്കള്‍ സഞ്ചരിക്കുന്ന ഹെലികോപ്റ്ററുകളില്‍ ആദായ നികുതി വകുപ്പിന് പരിശോധന നടത്താന്‍ കഴിയുമോയെന്നാണ് മമതയുടെ വെല്ലുവിളി. ടി.എം.സി നേതാവായ അഭിഷേക് ബാനര്‍ജി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ ഐ.ടി പരിശോധന നടത്തിയതിന് പിന്നാലെയാണ് മമതയുടെ നീക്കം.

‘ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് ബി.ജെ.പിയാണ്. എന്നാല്‍ ബി.ജെ.പി നേതാക്കളുടെ ഹെലികോപ്റ്ററുകള്‍ പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ ധൈര്യപ്പെടുമോ,’ മമത ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേന്ദ്ര അന്വേഷ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്രം പ്രചരണത്തില്‍ തുല്യ സ്ഥാനം നല്‍കുന്നില്ലെന്നും മമത ചൂണ്ടിക്കാട്ടി. കൂച്ച് ബീഹാറില്‍ നടന്ന പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി എന്‍.ഐ.എയെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അതിലൂടെ എന്‍.ഡി.എ സഖ്യത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും മമത വിമര്‍ശിച്ചു.

നിലവിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ ജനാധിപത്യത്തിന്റെ സത്ത തന്നെ അപകടത്തിലാകുമെന്നും മമത ഊന്നിപ്പറഞ്ഞു.

ജനങ്ങള്‍ എന്ത് കഴിക്കണമെന്നതില്‍ തീരുമാനമെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത പറഞ്ഞു. രാവിലെ ചായയ്‌ക്കൊപ്പം ഗോമൂത്രം കുടിക്കണമെന്നും ഉച്ചഭക്ഷണത്തിന് ചാണകം കഴിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുമെന്ന് മമത ചൂണ്ടിക്കാട്ടി. രാമനവമി ദിനത്തില്‍ ബി.ജെ.പി അക്രമവും കലാപവും സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും ബാനര്‍ജി ആരോപിച്ചു.

ട്രയല്‍ റണ്ണിന് മുമ്പ് അഭിഷേക് ബാനര്‍ജിയുടെ ഹെലികോപ്റ്ററിന്റെ ചേമ്പറില്‍ പണവും സ്വര്‍ണവുമുണ്ടെന്ന് ആരോപിച്ച് ഐ.ടി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ചേമ്പറില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ഒന്നും കണ്ടെടുക്കാനായില്ല. തങ്ങള്‍ക്ക് ചില സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.

Content Highlight: West Bengal Chief Minister Mamata Banarjee challenged the Income Tax Department

Latest Stories

We use cookies to give you the best possible experience. Learn more