കൊല്‍ക്കത്ത: ബി.ജെ.പിയെ വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുമെന്ന ബി.ജെ.പിയുടെ വാദത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മമതയുടെ പരാമര്‍ശം. കൃഷ്ണനഗര്‍ മണ്ഡലത്തിലെ ടി.എം.സി സ്ഥാനാര്‍ത്ഥി മഹുവ മൊയ്ത്രയുടെ പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
‘ഞങ്ങള്‍ മഹുവ മൊയ്ത്രയെ ഈ സീറ്റില്‍ നിന്ന് വീണ്ടും നാമനിര്‍ദേശം ചെയ്തിരിക്കുകയാണ്. പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെ ശക്തമായി ശബ്ദിച്ചതിനാല്‍ മഹുവയെ മോദി സര്‍ക്കാര്‍ പുറത്താക്കി. എന്നാല്‍ റെക്കോഡ് മാര്‍ജിനില്‍ നിങ്ങള്‍ മഹുവയുടെ വിജയം ഉറപ്പാക്കണം,’ മമത പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പി ജനങ്ങള്‍ക്കിടയില്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും മോദിയുടെ ബി.ജെ.പി ജുംല പാര്‍ട്ടിയാണെന്നും മമത റാലിയില്‍ ചൂണ്ടിക്കാട്ടി.
നിയമപരമായ പൗരന്മാരെ വിദേശികളാക്കാനുള്ള ഒരു കെണിയാണ് സി.എ.എ എന്നും പശ്ചിമബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നും മമത വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വ്യാജ ഉറപ്പില്‍ വീണുപോകരുതെന്നും മമത വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.
അതേസമയം ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തോടൊപ്പമെന്ന് മമത അറിയിച്ചു. എന്നാല്‍ സംസ്ഥാന തലത്തില്‍ ഇന്ത്യാ സഖ്യത്തിന് തൃണമൂല്‍ സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിക്കുന്നില്ല എന്നത് ഒരു വെല്ലുവിളിയാണ്. സംസ്ഥാനത്തെ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് വോട്ട് നല്‍കുന്നത് ബി.ജെ.പിയെ പിന്തുണക്കുന്നതിന് സമാനമാണെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: West Bengal Chief Minister Mamata Banerjee challenged the BJP