കൊല്‍ക്കത്ത: ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്കായി പുതുക്കിയ ഉച്ചഭക്ഷണ മെനു പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടി വിവാദമാക്കി സംസ്ഥാനത്തെ പ്രതിപക്ഷം. 2023 മുതല്‍ ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ ആഴ്ചതോറും കോഴിയിറച്ചിയും സീസണല്‍ പഴങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന രീതിയിലാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭക്ഷണ സംവിധാനത്തില്‍ മമത ബാനര്‍ജി ഗവണ്‍മെന്റ് മാറ്റം വരുത്തിയിരിക്കുന്നത്.
നോണ്‍-വെജ് ഭക്ഷണത്തെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചിമ ബംഗാള്‍ പോലൊരു സംസ്ഥാനത്ത് ഈ ഉച്ചഭക്ഷണ മെനു മാറ്റം ഒറ്റയടിക്ക് നടപ്പാക്കാനാവില്ലെന്നും മമത സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ കാലയളവ് സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന അതേ സമയമാണെന്നുമാണ് പ്രതിപക്ഷം വിമര്‍ശനമായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് കോഴിയിറച്ചിയും സീസണല്‍ പഴങ്ങളും ഉള്‍പ്പെടെയുള്ള ഉച്ചഭക്ഷണം നാല് മാസം മാത്രമാക്കി ചുരുക്കിയതെന്നാണ് ബംഗാള്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബ്രത്യ ബസു (Bratya Basu) ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്.
”മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് കീഴില്‍, വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിന് ഞങ്ങള്‍ നിരന്തരം പരിശ്രമിക്കുകയാണ്. ഈ പദ്ധതി ആ ദിശയിലേക്കുള്ള ഒരു ചുവടുകൂടിയാണ്.
സമ്പാദ്യത്തില്‍ നിന്ന് ഞങ്ങള്‍ ചിക്കന്‍, സീസണല്‍ പഴങ്ങള്‍ എന്നിവ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. വര്‍ഷം മുഴുവനും മെനു തുടരണം എന്ന് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.
പക്ഷേ അതിന് കൂടുതല്‍ ഫണ്ടുകള്‍ ആവശ്യമായി വരും. നിര്‍ഭാഗ്യവശാല്‍ അത് ഞങ്ങള്‍ക്ക് കുറവാണ്,” ബ്രത്യ ബസു പറഞ്ഞു.
ബംഗാള്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ജനുവരി മൂന്നിന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അരി, ഉരുളക്കിഴങ്ങ്, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, സോയാബീന്‍, മുട്ട എന്നിവയടങ്ങുന്ന സാധാരണ മെനുവിന് പുറമെ ചിക്കനും പഴങ്ങളും നല്‍കുന്നതിന് 372 കോടി രൂപ അധികമായി അനുവദിക്കും.
ഇപ്പോള്‍ പി.എം പോഷണ്‍ (PM POSHAN) എന്നറിയപ്പെടുന്ന പദ്ധതിയില്‍ എന്റോള്‍ ചെയ്യുന്ന ഒരു കുട്ടിക്ക് 16 ആഴ്ചത്തേക്ക് ആഴ്ചയില്‍ 20 രൂപയായിരിക്കും ചിലവാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: West Bengal brings chicken into School mid-day meal, Opposition criticise