ഹൂഗ്ലി: പശ്ചിമബംഗാളിലെ ഹൂഗ്ലിയില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് ബി.ജെ.പി. ഹൂഗ്ലിയിലെ ഗുരാപ് ഗ്രാമത്തിലെ ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് വെടിവെച്ചെന്നാരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
ബി.ജെ.പി പ്രവര്‍ത്തകനെ വെടിവെച്ച ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചത്.
ടയറുകള്‍ കത്തിച്ചും വാഹന ഗതാഗതം തടസ്സപ്പെടുത്തിയുമായിരുന്നു പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചത്. ജയ് ശ്രീറാം വിളിച്ചതിന് പൊലീസ് വെടിവെച്ചെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാല്‍ വാദം പൊലീസ് തള്ളിയിട്ടുണ്ട്.
ജയ് ശ്രീറാം വിളിച്ചതിന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും വെടിവെക്കുകയും ചെയ്‌തെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്.
എന്നാല്‍ തൃണമൂല്‍ ബി.ജെ.പി സംഘര്‍ഷത്തിനിടെ ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും ജയ് ശ്രീറാം വിളിച്ചതിന്റെ പേരിലല്ല വെടിവെച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചുള്ള ബി.ജെപ.ിയുടെ വെറുപ്പിന്റെ രാഷ്ട്രീയം തിരിച്ചറിയണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. വ്യാജ വീഡിയോകളിലൂടെയും വാര്‍ത്തകളിലൂടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവരെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
രാജാറാം മോഹന്‍ റോയ് മുതല്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ വരെയുള്ള നവോത്ഥാന സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ കാലം മുതല്‍ ബംഗാള്‍ എക്കാലവും സഹവര്‍ത്തിത്വത്തിന്റേയും പുരോഗമന ചിന്തകളുടേയും കേന്ദ്രമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജയ് ശ്രീരാം എന്നോ, ജയ് രാം ജി കി എന്നോ രാം നാം സത്യ ഹേ എന്നോ ആരെങ്കിലും വിളിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലാണ് എതിര്‍പ്പ്.
എല്ലാ പാര്‍ട്ടികള്‍ക്കും അവരവരുടേതായ മുദ്രാവാക്യങ്ങളുണ്ട്. ഞങ്ങള്‍ക്ക് ജയ് ഹിന്ദും വന്ദേ മാതരവുമുണ്ട്. ഇടതുപാര്‍ട്ടികള്‍ക്ക് ഇന്‍ക്വിലാബ് സിന്ദാബാദ് ഉണ്ട്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ബംഗാള്‍ ഒരു കാലത്തും അംഗീകരിച്ചിട്ടില്ലെന്നും മമത പറഞ്ഞിരുന്നു.