പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അക്രമിച്ചു; പശ്ചിമ ബംഗാള്‍ ബി.ജെ.പി സ്ഥാനാര്‍ഥി അറസ്റ്റില്‍
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അക്രമിച്ച കേസില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിയെയാണ് അറസ്റ്റു ചെയ്തത്.
പോക്‌സോ നിയമപ്രകാരമാണ് റോയിയെ അറസ്റ്റുചെയ്തിരിക്കുന്നത്. റോയിക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ 26നായിരുന്നു സംഭവം. ബി.ജെ.പി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പരാതിപ്പെടാന്‍ റോയിയുടെ ഫാല്‍ത്തയിലെ വീട്ടില്‍ ചെന്നപ്പോഴായിരുന്നു 17കാരിയെ ലൈംഗികമായി അക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു.
പിറ്റേദിവസം തന്നെ ഫാല്‍ത്ത പൊലീസില്‍ പരാതി നല്‍കി. പൊലീസ് മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റുചെയ്യാന്‍ തയ്യാറായില്ല എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ അനന്യ ചാറ്റര്‍ജി പറഞ്ഞു.
റോയിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, മമതാ ബാനര്‍ജിയുടെ അനന്തരവനും എതിര്‍ സ്ഥാനാര്‍ഥിയുമായ അഭിഷേക് ബാനര്‍ജിയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് റോയി ആരോപിച്ചു.
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിച്ചമച്ച കേസാണ് ഇതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാര്‍ ആരോപിച്ചു.