കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്താണ് പ്രമേയം പാസാക്കിയത്.
കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പ്രമേയം പസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങളോട് നന്ദി പറയുന്നതായും മമത നിയമസഭയില്‍ പറഞ്ഞു.
ബംഗാളില്‍ ഞങ്ങള്‍ സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും അനുവദിക്കില്ലെന്ന് സഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ‘ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഈ പ്രതിഷേധത്തെ മുന്‍നിരയില്‍ നിന്ന് നയിച്ച ഹിന്ദു സഹോദരങ്ങള്‍ക്കും നന്ദി’ എന്നും മമത നിയമസഭയില്‍ പറഞ്ഞു.
‘രാജ്യത്ത് നടക്കുന്നത് ഭയങ്കര കളികളാണെന്നും ഇത് ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ കെണിയില്‍ വീഴരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ‘പാകിസ്താന്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആണ് അവര്‍ എല്ലായ്‌പ്പോഴും പാകിസ്ഥാനെക്കുറിച്ചുമാത്രമാണ് സംസാരിക്കുന്നത് ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നത് തന്നെ കുറവാണെന്നും മമത പറഞ്ഞു.
നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യത്തെ സംസ്ഥാനം കേരളമായിരുന്നു. മറ്റ് പ്രതിപക്ഷഭരണ സംസ്ഥാനങ്ങളെയും ഇത് പിന്തുടരാന്‍ ക്ഷണിച്ചിരുന്നു.ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമായിരുന്നു.
നേരത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ പൗരത്വ നിയമത്തിനെതിരായും എന്‍.ആര്‍.സിക്കുമെതിരെ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ബംഗാളില്‍ 5000 പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പൊതുയോഗങ്ങളില്‍ മുതിര്‍ന്ന ഇടതുപക്ഷ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. വടക്കന്‍ കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബോസും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോമെന്‍ മിത്രയും പങ്കെടുത്തു.