| Tuesday, 29th October 2019, 11:12 pm

സാമ്പത്തിക മാന്ദ്യം: അംബാനിക്ക് മാത്രമല്ല, കോഴികള്‍ക്കും രക്ഷയില്ല; ബംഗാളിലെ ഏറ്റവും വലിയ ഫാം അടച്ചുപുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍ക്കത്ത: സാമ്പത്തിക മാന്ദ്യം കോഴി വ്യവസായ മേഖലയിലും. ഇന്ത്യയിലെ ഏറ്റവും വലിയ ഇറച്ചിക്കോഴി ഉല്‍പ്പാദകരായ ആരംബാഗ് ഹാച്ചറി ലിമിറ്റഡ് അടച്ചുപൂട്ടി. പശ്ചിമ ബംഗാളിലെ ഫാമുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചത്.

ഗ്രാമീണ മേഖലയിലുള്ളവര്‍ കോഴി വാങ്ങാത്തതിനാലാണ് ആരംബാഗ് ഹാച്ചറി ലിമിറ്റഡിന് ഫാം പൂട്ടേണ്ടി വന്നത്. ബീര്‍ഭം ജില്ലയിലെ രാജ്‌നഗറിലുള്ള ഫാമാണ് അടച്ചു പൂട്ടിയത്.

‘ജൂണ്‍ ആയപ്പോഴേക്കും ചിക്കന്റെ വില ഇടിഞ്ഞ് കിലോയ്ക്ക് 65 രൂപയായിരുന്നു. ജൂണില്‍ വില ഇടിയുക സ്വഭാവികമാണ്. എന്നാല്‍, ഉത്സവ സീസണ്‍ എത്തുന്നതോടെ വില വീണ്ടും ഉയരുകയാണ് പതിവ്. ഈ ഉത്സവ സീസണില്‍ വിലകൂടിയില്ല. ഗ്രാമീണ മേഖലയില്‍ നിന്ന് കോഴിയിറച്ചിക്കുള്ള ആവശ്യകത കുറഞ്ഞതാണ് അതിനു കാരണം.’ ആരംബാഗ് ഹാച്ചറി മാനേജിംഗ് ഡയറക്ടര്‍ പ്രസണ്‍ റോയി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബംഗാളില്‍ കോഴിയിറച്ചി വില്‍ക്കുന്നതിന്റെ 65 ശതമാനവും വാങ്ങുന്നത് ഗ്രാമീണ മേഖലയിലുള്ളവരാണ്. ജീവനുള്ള കോഴിയുടെയും കോഴിയിറച്ചിയുടെയും ആവശ്യകതയില്‍ കുറവുണ്ടായതായും പ്രസണ്‍ റോയി പറഞ്ഞു. ജീവനുള്ള കോഴിക്ക് ഓരോ കിലോയുടെ മേല്‍ 12 മുതല്‍ 15 രൂപ വരെ നഷ്ടം ഉണ്ടാകുന്നതായി പ്രസണ്‍ പറയുന്നു.

‘കോഴിക്ക് വേണ്ടി തീറ്റയായി ഉപയോഗിക്കുന്ന ചോളമടക്കമുള്ളവയുടെ വിലക്കയറ്റം കോഴി വിപണിയെ ബാധിച്ചു. കോഴിത്തീറ്റയുടെ നിരക്കില്‍ 15 മുതല്‍ 23 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ഞങ്ങള്‍ക്ക് അധിക കാലം നഷ്ടം സഹിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോഴുള്ളത്’- പ്രസണ്‍ കൂട്ടിച്ചേര്‍ത്തു.

ഖാരിഫ് സീസണിലെ വിളവെടുപ്പ് കഴിയുന്നതോടെ വിപണിയില്‍ ചോളത്തിന്റെ ലഭ്യത വര്‍ധിക്കുമെന്നാണ് ആരംബാഗ് ഹാച്ചറി കണക്കുകൂട്ടുന്നത്. കോഴിത്തീറ്റയുടെ ചെലവ് കുറയ്ക്കാനും പൂട്ടിയ സ്ഥാപനം തുറക്കാന്‍ കഴിയുമെന്നുമാണ് ആരാംബാഗിന്റെ കണക്കുകൂട്ടല്‍.

അതേസമയം, കമ്പനിയുടെ ഹാച്ചറി അടച്ചുപൂട്ടാന്‍ കാരണം രാജ്യത്തെ സാമ്പത്തിക മാന്ദ്യമാണെന്ന് സി.പി.ഐ.എമ്മിന്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു ആരോപിച്ചു. കമ്പനിയില്‍ ഒക്ടോബര്‍ 21-നു തൊഴിലാളികള്‍ പ്രതിഷേധ സമരം നടത്തിയതായും സി.ഐ.ടി.യു വക്താക്കള്‍ പറഞ്ഞു. ശമ്പളം പതിവായി ലഭിക്കാത്തപ്പോള്‍ പോലും ഇങ്ങനെ പ്രതിഷേധിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹാച്ചറി അടച്ചുപൂട്ടാനുള്ള തീരുമാനം ഞെട്ടിക്കുന്നതായിരുന്നെന്നും തൊഴിലാളികളുടെ കുടുംബങ്ങള്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണെന്നും തൊഴിലാളികള്‍ പറയുന്നു. ഇതുവരെ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനിയും സൂചിപിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളര്‍ച്ചാ മുരടിപ്പ് അനുഭവപെടുന്നുണ്ടെന്നും പരിഷ്‌കരണങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്ന മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാനി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more