തൃണമൂലിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയിലേക്ക് പോയ പ്രവര്‍ത്തകരുടെ നിരാഹാരം; ഒടുവില്‍ ഗംഗാ ജലം തളിച്ച് തിരിച്ചെടുക്കല്‍
national news
തൃണമൂലിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയിലേക്ക് പോയ പ്രവര്‍ത്തകരുടെ നിരാഹാരം; ഒടുവില്‍ ഗംഗാ ജലം തളിച്ച് തിരിച്ചെടുക്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th June 2021, 8:12 am

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ മുന്നൂറോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തി.

ബീര്‍ഭൂമിലെ ഓഫീസിനു മുന്നിലാണ് നിരാഹാര സമരം നടത്തിയത്. ഇതിന് പിന്നാലെ തൃണമൂല്‍ ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു.

ടി.എം.സിയില്‍ തിരിച്ചെടുക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സമരം ചെയ്തവരില്‍ ഒരാളായ അശോക് മൊന്‍ഡാള്‍ പറഞ്ഞത്. ബി.ജെ.പിയില്‍ ചേര്‍ന്നതോടെ തങ്ങളുടെ ഗ്രാമത്തിന്റെ വികസനം സ്തംഭിച്ചെന്നും നിരന്തരമായ ബി.ജെ.പിയുടെ പ്രതിഷേധങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ഗംഗാജലം തളിച്ചാണ് പ്രവര്‍ത്തകരെ തൃണമൂല്‍ നേതാക്കള്‍ സ്വീകരിച്ചത്. ബംഗാളില്‍ വീണ്ടും മമത ബാനര്‍ജി അധികാരത്തിലെത്തിയതിനു പിന്നാലെ
ബി.ജെ.പിയിലേക്ക് പോയ തൃണമൂല്‍ പ്രവര്‍ത്തകര്‍ തിരിച്ചെത്താനുള്ള ശ്രമം നടത്തിയിരുന്നു.

2017 ല്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ എത്തിയ മുകുള്‍ റോയി തിരിച്ച് തൃണമൂലില്‍ എത്തിയിരുന്നു. പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ പാര്‍ട്ടി പ്രവേശനം.
ഇതിന് പിന്നാലെ ബംഗാളില്‍ മുകുള്‍ റോയിയുമായി അടുപ്പമുള്ള പലനേതാക്കളും തൃണമൂലിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  West Bengal: 300 BJP supporters return to TMC after Gangajal ‘purification