കൊല്‍ക്കത്ത: വോട്ട് കൃത്രിമം ആരോപിച്ചുള്ള പരാതികള്‍ അന്വേഷിക്കുമെന്ന് പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ സിങ്ഹ. റിട്ടേര്‍ണിങ് ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും, അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമാണെങ്കില്‍ റീപോളിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
പോളിങ് ദിവസത്തെ അക്രമത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് നാല് ജില്ലകളില്‍ നിന്നാണെന്നും തെരഞ്ഞെടുപ്പ് അവലോകനത്തില്‍ അവയെല്ലാം കണക്കിലെടുക്കുമെന്നും സിങ്ഹ പറഞ്ഞു. റീപോളിങ്ങിനെ കുറിച്ച് ഞായറാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ ഇന്നലെ രാത്രി മുതല്‍ അക്രമത്തെക്കുറിച്ച് എനിക്ക് നിരവധി വിവരങ്ങളാണ് ലഭിക്കുന്നത്. വടക്കന്‍ 24 പാരഗണ്‍സ്, തെക്കന്‍ 24 പാരഗണ്‍സ്, മുര്‍ഷിദാബാദ് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച ഏറ്റവും കൂടുതല്‍ അക്രമം നടന്നിരിക്കുന്നത്.
ബാലറ്റ് പെട്ടികള്‍ കൊണ്ടുപോയെന്ന് പറഞ്ഞ് ബാരസറ്റില്‍ മാത്രം 1300 പരാതികളാണ് വന്നിരിക്കുന്നത്. ഞായറാഴ്ച സൂക്ഷ്മ പരിശോധനയുണ്ടാകും. ഏറ്റവും കൂടുതല്‍ അക്രമം നടന്ന സ്ഥലങ്ങളിലും, പോളിങ് നിര്‍ത്തിവെച്ച സ്ഥലങ്ങളിലും, നടക്കാത്ത സ്ഥലങ്ങളിലും റീപോളിങ് ഉണ്ടാകും.
അതുകൊണ്ടാണ് പോളിങ്ങിന്റെ പിറ്റേന്ന് തന്നെ സൂക്ഷ്മ പരിശോധന നടത്തുന്നത്. റിട്ടേര്‍ണിങ് ഉദ്യോഗസ്ഥരും നിരീക്ഷകരും പോളിങ് രീതികളെ സൂക്ഷ്മമായി പരിശോധിക്കും. അപ്പോള്‍ മാത്രമേ എത്രമാത്രം സ്ഥലങ്ങളില്‍ റീപോളിങ് നടത്തണമെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ,’ അദ്ദേഹം പറഞ്ഞു.
പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പോളിങ് സമാധാനപരമായിരുന്നോ അല്ലയോ എന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും സിങ്ഹ പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച വിവരം പ്രകാരം മൂന്ന് പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നും ക്രമസമാധാനം സംസ്ഥാനത്തെ പൊലീസ് കൈകാര്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പൊലീസിന്റെ കണക്കനുസരിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് എട്ട് പേരും ബി.ജെ.പി, സി.പി.ഐ.എം, കോണ്‍ഗ്രസ്, ഐ.എസ്.എഫ് എന്നീ പാര്‍ട്ടികളില്‍ നിന്ന് ഓരോ ആളുകള്‍ വീതവും ആകെ 17 പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.
അതേസമയം അക്രമം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് സിങ്ഹയ്ക്ക് മേലെ മഷിയെറിയാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം 73,887 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 66.28 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
content highlights: west bangol election commision on election