കൊല്‍ക്കത്ത: സര്‍വകലാശാലകളിലെയും കോളേജുകളിലെയും റാഗിങ് അവസാനിപ്പിക്കാന്‍ സാങ്കേതിക പരിഹാരത്തിന് ഐ.എസ്.ആര്‍.ഒയെ സമീപിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍. രാജ്ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഐ.എസ്.ആര്‍.ഒയെ സമീപിച്ച കാര്യം വ്യക്തമാക്കിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘സര്‍വകലാശാലകളിലെ റാഗിങ് ഫലപ്രദമായി തടയുന്നതിനും ഇല്ലാതാക്കുന്നതിനും ഉചിതമായ സാങ്കേതിക വിദ്യ കണ്ടെത്തുന്നതിന് പശ്ചിമ ബംഗാള്‍ ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ സി.വി.ആനന്ദബോസ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ സമീപിച്ചു,’ പ്രസ്താവനയില്‍ പറയുന്നു.
ഇതേ വിഷയത്തില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായും ബോസ് ചര്‍ച്ച നടത്തിയിട്ടുണ്ട്.
‘വീഡിയോ അനലിറ്റിക്‌സ്, ഇമേജ് മാച്ചിങ്, ഓട്ടോമാറ്റിക് ടാര്‍ഗെറ്റ് റെക്കോഗിനേഷന്‍, റിമോട്ട് സെന്‍സിങ് എന്നിങ്ങനെ ഒന്നിലധികം ഉറവിടങ്ങള്‍ ഉപയോഗിച്ച് സാങ്കേതിക പരിഹാരം വികസിപ്പിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്,’ ബോസ് പറഞ്ഞു.
അതേസമയം ജാദവ്പുര്‍ സര്‍വകലാശാലയില്‍ റാഗിങ്ങിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍വകലാശാലയിലെ 17കാരന്‍ മരിക്കുന്നതിന് മിനിറ്റുകള്‍ മുമ്പ് നഗ്നനായി ഹോസ്റ്റല്‍ വരാന്തയിലൂടെ നടത്തിച്ചതായി കൊല്‍ക്കത്ത പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥി ലൈംഗിക പീഡനത്തിനിരയായതായും പൊലീസ് പറഞ്ഞു.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ‘പൗരുഷം കാണിക്കാന്‍’ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിനിടെ വിദ്യാര്‍ത്ഥി തങ്ങളുടെ മുന്നില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ഓഗസ്റ്റ് ഒമ്പതിനാണ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് ചാടി മരിക്കുന്നത്.
CONTENT HIGHLIGHTS: west bangal governer approach isro for technology to curb ragging