| Friday, 2nd February 2024, 6:29 pm

ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്രഈലിനെ സസ്പെന്റ് ചെയ്യണം: പശ്ചിമേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ വംശഹത്യ നിര്‍ത്തുന്നതുവരെ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്രഈലിനെ സസ്പെന്റ് ചെയ്യണമെന്ന് പശ്ചിമേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.

അസോസിയേഷന്‍ ഫുട്‌ബോള്‍, ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനുകള്‍ തുടങ്ങിയവയുടെ അന്താരാഷ്ട്ര ഭരണ സമിതിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തുറന്ന കത്തിലാണ് ഫെഡറേഷന്റെ പ്രസിഡന്റ് അലി ബിന്‍ ഹുസൈന്‍ രാജകുമാരന്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഫലസ്തീനില്‍ നടന്ന അതിക്രമങ്ങള്‍ക്കും ഗസയിലെ യുദ്ധക്കുറ്റങ്ങള്‍ക്കും എതിരെ നിര്‍ണായകമായ നിലപാട് സ്വീകരിക്കാന്‍ തങ്ങളോടൊപ്പം ഐക്യപ്പെടണമെന്ന് അലി ബിന്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.

ഫലസ്തീനിലെ ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിലും നിരപരാധികളായ ഗസയിലെ പൗരന്മാരെ കൊലപ്പെടുത്തിയതിലും ഏതാനും ഫുട്ബോള്‍ കളിക്കാര്‍, പരിശീലകര്‍, റഫറിമാര്‍, ഉദ്യോഗസ്ഥരും കത്തില്‍ അപലപിക്കുകയുണ്ടായി.

സയണിസ്റ്റ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ ജെനിന്‍ ക്ലബ്, ജെനിന്‍ ക്യാമ്പ് ക്ലബ്, നൂര്‍ഷാംസ് ക്യാമ്പ് ക്ലബ്, കല്‍ക്കിലിയ ക്ലബ് എന്നിങ്ങനെ നാല് ഫുട്‌ബോള്‍ സംവിധാനങ്ങളില്‍ ഇസ്രഈലി സൈന്യം കേടുപാടുകള്‍ വരുത്തിയതായി ഫുട്‌ബോള്‍ അസോസിയേഷനുകള്‍ പറയുന്നു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 81 ഫുട്‌ബോള്‍ കളിക്കാരും ഒഫീഷ്യലുകളും റഫറിമാരും ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 27,131 ആയി വര്‍ധിച്ചുവെന്നും 66,287 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 112 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 148 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlight: West Asian Football Federation wants to suspend Israel from all football-related activities

We use cookies to give you the best possible experience. Learn more