2010ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് ലയണല്‍ മെസിയേക്കാളേറെ അര്‍ഹത തനിക്കായിരുന്നുവെന്ന് ഡച്ച് ഇതിഹാസം വെസ്‌ലി സ്‌നൈഡര്‍. മെസിക്ക് ബാലണ്‍ ഡി ഓര്‍ നല്‍കിയത് അന്യായമായിരുന്നെന്നും ഇന്റര്‍ മിലാന്റെയും റയല്‍ മാഡ്രിഡിന്റെയും ഇതിഹാസ താരം പറഞ്ഞു.
2023ല്‍ കരിയറില്‍ എട്ടാം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കി മെസി ചരിത്രം കുറിച്ചിരുന്നു. യുവതാരങ്ങളായ എര്‍ലിങ് ഹാലണ്ടിനെയും കിലിയന്‍ എംബാപ്പെയും മറികടന്നുകൊണ്ടാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഈ നേട്ടത്തിന് പിന്നാലെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരം എന്ന റെക്കോഡും മെസിയെ തേടിയെത്തി.
മെസിയുടെ പുരസ്‌കാര നേട്ടത്തിന് പിന്നാലെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മെസിയല്ല പുരസ്‌കാരത്തിന് അര്‍ഹന്‍ എന്നാണ് പലരും പറഞ്ഞത്. അതിലൊരാളായിരുന്നു ഡച്ച് സൂപ്പര്‍ താരമായിരുന്ന വെസ്‌ലി സ്‌നൈഡര്‍.
അല്‍ഹയാ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഇതിന് പുറമെ 2010ലെ ബാലണ്‍ ഡി ഓര്‍ യഥാര്‍ത്ഥത്തില്‍ തനിക്ക് അര്‍ഹതപ്പെട്ടതായിരുന്നെന്നും സ്‌നൈഡര്‍ പറഞ്ഞു.
‘2010ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നേട്ടത്തിന് എന്നെ തെരഞ്ഞെടുക്കാത്തത് അല്‍പം അന്യായമാണ്. എനിക്ക് പകരം ലയണല്‍ മെസിയാണ് പുരസ്‌കാരം നേടിയത്.
ഞാന്‍ ഇത്തരം കാര്യങ്ങളെയോര്‍ത്ത് കരഞ്ഞിരിക്കുന്ന ഒരു വ്യക്തിയല്ല. ബാലണ്‍ ഡി ഓര്‍ എന്നത് ഒരു വ്യക്തിഗത പുരസ്‌കാരമാണ്. ടീമിനൊപ്പം ട്രോഫികള്‍ നേടാനാണ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നത്.
എനിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടവും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ഉറപ്പായും ചാമ്പ്യന്‍സ് ലീഗ് തന്നെയാണ് തെരഞ്ഞെടുക്കുക. ആ നേട്ടത്തില്‍ ഞാനേറെ സന്തുഷ്ടനുമാകും,’ സ്‌നൈഡര്‍ പറഞ്ഞു.
2010ല്‍ മിലാനെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ചൂടിക്കുന്നതില്‍ സുപ്രധാനമായ പങ്കായിരുന്നു സ്‌നൈഡര്‍ വഹിച്ചത്. ഇതിന് പുറമെ ഇന്ററിനൊപ്പം സീരി എ കിരീടവും കോപ്പ ഇറ്റാലിയ കിരീടവും സ്‌നൈഡര്‍ സ്വന്തമാക്കിയിരുന്നു.
ഹോസെ മൗറീന്യോക്ക് കീഴില്‍ ഇന്ററിനായി ബൂട്ടുകെട്ടിയ 41 മത്സരത്തില്‍ നിന്നും ഒമ്പത് ഗോളും 15 അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.
2010 ലോകകപ്പിലും ഡച്ച് പട തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ സ്‌പെയ്‌നിനോട് തോല്‍ക്കേണ്ടി വന്നെങ്കിലും സ്‌നൈഡറിന്റെ പ്രകടനം ഏറെ മികച്ചുനിന്നിരുന്നു. ഇതോടെ താരം ബാലണ്‍ ഡി ഓര്‍ നേടുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചു.
എന്നാല്‍ ലയണല്‍ മെസി തന്റെ കരിയറിലെ രണ്ടാം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടുകയായിരുന്നു. ഇതിന് ശേഷം മെസി ആറ് തവണകൂടി ബാലണ്‍ ഡി ഓര്‍ നേടിയപ്പോള്‍ 2019ല്‍ വിരമിക്കുന്നത് വരെ സ്‌നൈഡറിന് 2010ലെ പ്രകടനത്തിനൊപ്പമെത്താനും ബാലണ്‍ ഡി ഓര്‍ ഫ്രണ്ട് റണ്ണറാകാനും സാധിച്ചിരുന്നില്ല.
Content highlight: Wesly Sneider says he deserves 2010 Ballon d Or award