പതിറ്റാണ്ടുകള്‍ക്കിപ്പുറം മെസിയും റൊണാള്‍ഡോയും ഇടം നേടാത്ത ബാലണ്‍ ഡി ഓറിന്റെ ഷോര്‍ട്‌ലിസ്റ്റ് പുറത്തുവന്നതോടെ ഫുട്‌ബോള്‍ ലോകത്തെ പുതിയ ട്രാന്‍സിഷന്‍ പിരിയഡിന് കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. ഇത്തവണ പുരസ്‌കാരം നേടുന്നത് ആരായാലും തന്നെ കരിയറില്‍ ആദ്യമായിട്ടാകും സുവര്‍ണഗോളം കയ്യിലേറ്റുവാങ്ങുന്നത്.
2008 മുതലാണ് മെസി-റൊണാള്‍ഡോ ദ്വയം ബാലണ്‍ ഡി ഓര്‍ വേദിയെ ഭരിക്കാന്‍ ആരംഭിച്ചത്. 2008ല്‍ പോര്‍ച്ചുഗല്‍ ലെജന്‍ഡ് പുരസ്‌കാരം നേടിയപ്പോള്‍ തുടര്‍ച്ചയായ നാല് തവണ മെസിയും പുരസ്‌കാരം സ്വന്തമാക്കി. ശേഷം തുടര്‍ച്ചയായി ബാലണ്‍ ഡി ഓര്‍ നേടാനുള്ള അവസരം റൊണാള്‍ഡോക്കായിരുന്നു. അങ്ങനെ ഇരുവരും ചേര്‍ന്ന് 13 തവണയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
എന്നാല്‍ 2010ലെ പുരസ്‌കാരത്തിന് മെസിയേക്കാളേറെ അര്‍ഹത തനിക്കുണ്ടായിരുന്നെന്ന് പറയുകയാണ് മുന്‍ ഡച്ച് സൂപ്പര്‍ താരം വെസ്‌ലി സ്‌നൈഡര്‍. മെസിക്ക് പുരസ്‌കാരം നല്‍കിയത് അന്യായമാണെന്നും റയല്‍ മാഡ്രിഡ് – ഇന്റര്‍ മിലാന്‍ ലെജന്‍ഡ് പറഞ്ഞു.
2023ല്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ നേടിയതിന് പിന്നാലെ അല്‍ഹയാ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്‌നൈഡര്‍ ഇക്കാര്യം പറഞ്ഞത്.
‘2010ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നേട്ടത്തിന് എന്നെ തെരഞ്ഞെടുക്കാത്തത് അല്‍പം അന്യായമാണ്. എനിക്ക് പകരം ലയണല്‍ മെസിയാണ് പുരസ്‌കാരം നേടിയത്.
ഞാന്‍ ഇത്തരം കാര്യങ്ങളെയോര്‍ത്ത് കരഞ്ഞിരിക്കുന്ന ഒരു വ്യക്തിയല്ല. ബാലണ്‍ ഡി ഓര്‍ എന്നത് ഒരു വ്യക്തിഗത പുരസ്‌കാരമാണ്. ടീമിനൊപ്പം ട്രോഫികള്‍ നേടാനാണ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നത്.
ചാമ്പ്യന്‍സ് ലീഗ് കിരീടവും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും, ഇവയിലൊന്ന് തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ഉറപ്പായും ചാമ്പ്യന്‍സ് ലീഗ് തന്നെയാണ് തെരഞ്ഞെടുക്കുക. ആ നേട്ടത്തില്‍ ഞാനേറെ സന്തുഷ്ടനുമാകും,’ സ്നൈഡര്‍ പറഞ്ഞു.
22.65 ശതമാനം പേരുടെ പിന്തുണയുമായി മെസി പുരസ്‌കാരത്തില്‍ മുത്തമിട്ടപ്പോള്‍ 14.48 ശതമാനം വോട്ടോടെ നാലാമതായിരുന്നു സ്‌നൈഡര്‍. ഇനിയേസ്റ്റ്, സാവി എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനക്കാര്‍.
2010ല്‍ ഇന്റര്‍ മിലാന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയപ്പോള്‍ ആ നേട്ടത്തില്‍ സ്‌നൈഡറിന്റെ പങ്ക് വളരെ വലുതായിരുന്നു. ഇതിനൊപ്പം തന്നെ സീരി എ കിരീടവും കോപ്പ ഇറ്റാലിയയും സ്‌നൈഡറും സഹതാരങ്ങളും ചേര്‍ന്ന് സാന്‍ സിറോയിലെത്തിച്ചിരുന്നു.
ഹോസെ മൗറീന്യോക്ക് കീഴില്‍ ഇന്ററിനായി ബൂട്ടുകെട്ടിയ 41 മത്സരത്തില്‍ നിന്നും ഒമ്പത് ഗോളും 15 അസിസ്റ്റുമാണ് സ്‌നൈഡര്‍ സ്വന്തമാക്കിയത്.
2010 ലോകകപ്പിലും സ്‌നൈഡര്‍ തിളങ്ങിയിരുന്നു. കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് പടയോട് പരാജയപ്പെടേണ്ടി വന്നെങ്കിലും ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ബാലണ്‍ ഡി ഓര്‍ താരം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ മെസി രണ്ടാം തവണയും പുരസകാരത്തില്‍ മുത്തമിട്ടു.
ഇതിന് ശേഷം മെസി ആറ് തവണകൂടി ബാലണ്‍ ഡി ഓര്‍ നേടിയപ്പോള്‍ 2019ല്‍ വിരമിക്കുന്നത് വരെ സ്നൈഡറിന് 2010ലെ പ്രകടനത്തിനൊപ്പമെത്താനും ബാലണ്‍ ഡി ഓര്‍ നേടാനും സാധിച്ചിരുന്നില്ല.
Content highlight: Wesley Sniejder about Lionel Messi’s 2010 Ballon de Or win