2010ല്‍ മെസി ബാലണ്‍ ഡി ഓര്‍ നേടിയത് അര്‍ഹതയില്ലാതെയാണ്; വെളിപ്പെടുത്തലുമായി ഡച്ച് താരം
Football
2010ല്‍ മെസി ബാലണ്‍ ഡി ഓര്‍ നേടിയത് അര്‍ഹതയില്ലാതെയാണ്; വെളിപ്പെടുത്തലുമായി ഡച്ച് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th December 2023, 12:25 pm

അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി 2010ല്‍ നേടിയ ബാലണ്‍ ഡി ഓറിന് അര്‍ഹനല്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ മുന്‍ നെതര്‍ലന്‍ഡ്‌സ് താരമായ വെസ്ലി സ്നൈഡര്‍.

ഈജിപ്ഷ്യന്‍ ചാനലായ അല്‍ഹായ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു സ്നൈഡര്‍.

‘2010ലെ ബാലണ്‍ ഡി ഓര്‍ മെസി നേടിയത് അന്യായമാണ്. എന്നാല്‍ ഞാന്‍ അതിനെകുറിച്ച് ഓര്‍ത്ത് നിരാശപ്പെടാറില്ല. ബാലണ്‍ ഡി ഓര്‍ ഒരു വ്യക്തിഗത അവാര്‍ഡാണ് ഞാന്‍ കൂട്ടായ ട്രോഫികള്‍ നേടാനാണ് ആഗ്രഹിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ഡി ഓറും തെഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ചാമ്പ്യന്‍സ് ലീഗാണ് തെരഞ്ഞെടുക്കുക. കാരണം ആ കിരീടത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്.
2010 ലോകകപ്പ് ഫൈനലില്‍ സ്പെയിനിനെതിരെ വിജയിക്കാന്‍ ഞങ്ങള്‍ അര്‍ഹരായിരുന്നു, പക്ഷേ സ്‌പെയിന്‍ അവിശ്വസനീയമായി ഞങ്ങളെ തോല്‍പ്പിച്ചു. ഫൈനലില്‍ എത്തുക എന്നത് ഞാന്‍ സ്വപ്നം കണ്ട ഒരു അത്ഭുതകരമായ നേട്ടമായിരുന്നു, ആ ലോകകപ്പ് നഷ്ടപ്പെട്ടതില്‍ ഇപ്പോഴും എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നുണ്ട്,’ സ്നൈഡര്‍ പറഞ്ഞു.

2009-10 സീസണില്‍ സ്നൈഡര്‍ അവിശ്വസനീയമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഇറ്റാലിയ, സീരി എ എന്നീ കിരീടങ്ങള്‍ സ്നൈഡര്‍ നേടി. എന്നാല്‍ ഡച്ച് താരം 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് തോറ്റിരുന്നു.

അതേസമയം ലയണല്‍ മെസി ആ സീസണില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്സക്കൊപ്പം ലാ ലിഗ വിജയത്തിലും പങ്കാളിയായിരുന്നു.

2010ല്‍ മെസി തന്റെ രണ്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ആണ് സ്വന്തമാക്കിയത്. . വോട്ടിങ് പട്ടികയില്‍ സ്നൈഡര്‍ നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. മെസിക്ക് 22% വോട്ടുകള്‍ ലഭിച്ചപ്പോള്‍ സ്നൈഡറിന് 14% വോട്ടുകള്‍ ആണ് ലഭിച്ചത്.

Content Highlight: Wesley Sneijder talks Lionel Messi Ballon d or wiining 2010.