2010ല്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന ബാലണ്‍ ഡി ഓര്‍ ലയണല്‍ മെസി തട്ടിയെടുത്തു എന്ന വാദങ്ങളോട് പ്രതികരിച്ച് മുന്‍ ഡച്ച് സൂപ്പര്‍ താരവും ഇന്റര്‍ മിലാന്‍ ഇതിഹാസവുമായ വെസ്‌ലി സ്‌നൈഡര്‍. 14 വര്‍ഷത്തിന് ശേഷവും ആളുകള്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും എന്നാല്‍ വ്യക്തിഗത പുരസ്‌കാരങ്ങളേക്കാള്‍ ടീമിനൊപ്പം കിരീടം നേടുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സ്‌നൈഡര്‍ പറഞ്ഞു.
ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു സ്‌നൈഡര്‍ ഇക്കാര്യം പറഞ്ഞത്.
‘ഇപ്പോള്‍ വര്‍ഷം 2024 ആയി. 14 വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ ഇക്കാര്യം സംസാരിക്കുന്നു. ‘വെസ് നിങ്ങള്‍ റോബ് ചെയ്യപ്പെട്ടു, മെസി പുരസ്‌കാരം തട്ടിയെടുത്തു’ എന്നാണ് അവര്‍ എന്നോട് പറയുന്നത്.
വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. എന്നാല്‍ ഒരു ടീമിനൊപ്പം വിജയിക്കുന്നത് അതിലും മികച്ചതാെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിക്കുന്നതിനേക്കാള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതാണ് പ്രധാനമെന്നാണ് ഞാന്‍ കരുതുന്നത്,’ സ്‌നൈഡര്‍ പറഞ്ഞു.
2010ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിച്ചവരില്‍ മുമ്പനായിരുന്നു സ്‌നൈഡര്‍. ആ വര്‍ഷം ഹോസെ മൗറീന്യോയുടെ കീഴില്‍ മിലാന്‍ യൂറോപ്പ് കീഴടക്കിയപ്പോള്‍ അതിലെ പ്രധാന താരങ്ങളിലൊരാള്‍ സ്‌നൈഡറായിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് മാത്രമല്ല, സീരി എ കിരീടവും കോപ്പ ഇറ്റാലിയയും സ്വന്തമാക്കിയ സ്‌നൈഡര്‍ ഇന്ററിനൊപ്പം ട്രെബിളും പൂര്‍ത്തിയാക്കിയിരുന്നു.
2010 ലോകകപ്പിലും ഡച്ച് പട തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ സ്പെയ്നിനോട് തോല്‍ക്കേണ്ടി വന്നെങ്കിലും സ്നൈഡറിന്റെ പ്രകടനം ഏറെ മികച്ചുനിന്നിരുന്നു. ഇതോടെ താരം ബാലണ്‍ ഡി ഓര്‍ നേടുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചു.
എന്നിട്ടും ബാലണ്‍ ഡി ഓര്‍ വേദിയില്‍ നാലാം സ്ഥാനം മാത്രമാണ് സ്‌നൈഡറിന് ലഭിച്ചത്.
ആ വര്‍ഷം ലാലിഗ കിരീടം മാത്രം നേടിയ ബാഴ്‌സലോണയിലെ മൂന്ന് താരങ്ങളായിരുന്നു ആദ്യ മൂന്നില്‍ ഇടം നേടിയത്. മെസി ഒന്നാമനായി പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഇനിയേസ്റ്റയും സാവിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
നേരത്തെ തനിക്ക് ലഭിക്കേണ്ട പുരസ്‌കാരമാണ് 2010ല്‍ മെസി സ്വന്തമാക്കിയതെന്ന് സ്‌നൈഡര്‍ പറഞ്ഞിരുന്നു. 2023ല്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ നേടിയതിന് പിന്നാലെയാണ് സ്‌നൈഡര്‍ രംഗത്തുവന്നത്.
അന്നും ബാലണ്‍ ഡി ഓറിനെക്കാള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് തനിക്ക് പ്രധാനമെന്നാണ് ഡച്ച് സൂപ്പര്‍ താരം പറഞ്ഞ്.
‘2010ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നേട്ടത്തിന് എന്നെ തെരഞ്ഞെടുക്കാത്തത് അല്‍പം അന്യായമാണ്. എനിക്ക് പകരം ലയണല്‍ മെസിയാണ് പുരസ്‌കാരം നേടിയത്.
ഞാന്‍ ഇത്തരം കാര്യങ്ങളെയോര്‍ത്ത് കരഞ്ഞിരിക്കുന്ന ഒരു വ്യക്തിയല്ല. ബാലണ്‍ ഡി ഓര്‍ എന്നത് ഒരു വ്യക്തിഗത പുരസ്‌കാരമാണ്. ടീമിനൊപ്പം ട്രോഫികള്‍ നേടാനാണ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നത്.
എനിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടവും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ഉറപ്പായും ചാമ്പ്യന്‍സ് ലീഗ് തന്നെയാണ് തെരഞ്ഞെടുക്കുക. ആ നേട്ടത്തില്‍ ഞാനേറെ സന്തുഷ്ടനുമാകും,’ സ്നൈഡര്‍ പറഞ്ഞു.
2010ല്‍ മെസി തന്റെ കരിയറിലെ രണ്ടാം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമാണ് സ്വന്തമാക്കിയത്. ഇതിന് ശേഷം മെസി ആറ് തവണ കൂടി ബാലണ്‍ ഡി ഓര്‍ നേടിയപ്പോള്‍ 2019ല്‍ വിരമിക്കുന്നത് വരെ സ്നൈഡറിന് 2010ലെ പ്രകടനത്തിനൊപ്പമെത്താനും ബാലണ്‍ ഡി ഓര്‍ ഫ്രണ്ട് റണ്ണറാകാനും സാധിച്ചിരുന്നില്ല.
Content highlight: Wesley Sneijder has responded to allegations that Lionel Messi robbed him of the 2010 Ballon d’Or.