| Wednesday, 18th September 2024, 10:54 am

വിരമിക്കുന്നതിന് മുമ്പായി റൊണാൾഡോ ആ ടീമിലേക്ക് തിരിച്ചുപോകണം: മുൻ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഭാവിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തുമെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരം വെസ് ബ്രൗണ്‍. ബോയില്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം.

‘റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്ക് മടങ്ങിയെത്തിയാല്‍ നിങ്ങള്‍ക്ക് ഒന്നും അവനെ പറയാന്‍ കഴിയില്ല. അദ്ദേഹം രണ്ടാം തവണ ക്ലബ്ബ് വിട്ടുപോയപ്പോള്‍ ഞങ്ങള്‍ വളരെ നിരാശരായിരുന്നു. കാരണം അദ്ദേഹം യൂണൈറ്റഡിന്റെ ഏറ്റവും മികച്ച താരമാണ്. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെ അവസാനിച്ചത് നിരാശാജനകമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാള്‍ഡോ ആദ്യ സീസണില്‍ തന്നെ 20ല്‍ കൂടുതല്‍ ഗോളുകള്‍ നേടി. അദ്ദേഹം ക്ലബ്ബ് വിട്ടുപോകുന്ന സമയത്തും വളരെ മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നത്,’ വെസ് ബ്രൗണ്‍ പറഞ്ഞു.

2021ലായിരുന്നു റൊണാള്‍ഡോ ഇറ്റാലിയന്‍ വമ്പര്‍മാരായ യുവന്റസില്‍ നിന്നും വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ടാം മടങ്ങിവരവില്‍ വെറും രണ്ടു സീസണുകളില്‍ മാത്രമേ പോര്‍ച്ചുഗീസ് ഇതിഹാസത്തിന് റെഡ് ഡെവിള്‍സിനൊപ്പം പന്തുതട്ടാന്‍ സാധിച്ചുള്ളൂ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോഡ് വിട്ടത്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി 145 ഗോളുകളാണ് പോര്‍ച്ചുഗീസ് ഇതിഹാസം അടിച്ചുകൂട്ടിയത്.

2023ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. അടുത്തിടെ റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്.

ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് അല്‍ നസറിനൊപ്പമുള്ള മത്സരങ്ങളാണ്. നിലവില്‍ സൗദി പ്രോ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്റോടെ ആറാം സ്ഥാനത്താണ് അല്‍ നസര്‍.

കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ സെപ്റ്റംബര്‍ 23ന് അല്‍ ഹസാമിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയമാണ് വേദി.

Content Highlight: Wes Brown Talks About Cristaino Ronaldo Come Back of Manchester United

We use cookies to give you the best possible experience. Learn more