ന്യൂദല്‍ഹി: റഫേല്‍ ഇടപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രയോഗത്തെ പരാമര്‍ശിച്ചുകൊണ്ട് ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മ്മല സീതാരാമന്‍ റഫേല്‍ ഇടപാടിനെ കുറിച്ച് പറഞ്ഞത്.
നിക്ഷേപങ്ങളുടെയും ഓഹരി വിറ്റഴിക്കലിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ ധീരമായ നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഞങ്ങളെ കള്ളന്‍ എന്ന് വിളിച്ചു. പക്ഷെ ഞങ്ങള്‍ ഇപ്പോഴും റഫേലുമായി മുന്നോട്ട് പോകുന്നു. അങ്ങനെയല്ലേ? നിര്‍മലാ സീതാരാമന്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ ‘സ്യൂട്ട് ബൂട്ട് കി സര്‍ക്കാര്‍’ എന്ന പ്രതിരോധം കാരണമാണോ എയര്‍ ഇന്ത്യ പോലുള്ള സര്‍ക്കാര്‍ കമ്പനി വില്‍ക്കാന്‍ സര്‍ക്കാര്‍ മടിച്ചുനിന്നത് എന്ന ചോദ്യത്തിന് പല ഓഹരിവിറ്റഴിക്കലുകളുമായി ഞങ്ങള്‍ മുന്നോട്ട് പോകാത്തതിന്റെ കാരണം അതാണെന്ന് ഞാന്‍ കരുതുന്നില്ല എന്നായിരുന്നു.
‘സി.സി.എയുടെ അനുമതി ലഭിച്ചിരുന്നു.അതുകൊണ്ട് തന്നെ മുന്നോട്ട് പോകാനും നിക്ഷേപം നടത്താനും ഞങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്. സ്യൂട്ട് ബൂട്ട് കാ സര്‍ക്കാര്‍’ എന്നത് ഞങ്ങളെ ബാധിക്കുന്നില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.