പരിക്കിന് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് തയ്യാറായിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയര്‍.
2021 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിനിടെയാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്.
നിലവില്‍ സന്തോഷവാനാണെങ്കിലും പരിക്കിന്റെ പിടിയില്‍പ്പെട്ട സമയത്ത് എന്താണ് ചെയേണ്ടത് എന്ന് അറിയാതെ രോഷം പ്രകടിപ്പിക്കുകയായിരുന്നു താനെന്ന് ശ്രേയസ് പറഞ്ഞു. പരിക്ക് പറ്റിയ ആ ദിവസം ഡ്രസിങ്ങ് റൂമില്‍ ചെന്ന് കരയുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
പരിക്കിനെ ആദ്യം അംഗീകരിക്കാന്‍ തോന്നിയില്ലെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെടേണ്ടി വന്നു. ഇത്തരം തിരിച്ചടികളെ കൂടുതല്‍ ശക്തമായി മറികടക്കാന്‍ സാധിക്കണമെന്നും താരം പറഞ്ഞു. സ്പോര്‍ടസ് റ്റുഡെയോടാണ് താരം മനസ്സുതുറന്നത്.
മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്ന സമയത്താണ് പരിക്കിന്റെ പിടിയില്‍പെടുന്നതെന്നും ആ സമയത്ത് വലിയ നിരാശ തോന്നിയതെന്നും താരം പറയുന്നു.
ഈ വര്‍ഷം ഒക്ടോബറില്‍ യു.എ.ഇയില്‍ വെച്ച് നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പാണ് തന്റെ ലക്ഷ്യമെന്നും പരിക്ക് ഭേദപ്പെട്ട ഉടന്‍ തന്നെ ഐ.പി.എല്‍ കളിക്കാന്‍ സാധിക്കുമെന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും ശ്രേയസ് പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനിടെ നടന്ന കാര്യങ്ങളെല്ലാം തന്നെ ഒരുപാട് സാഹായിച്ചു. അത് മൂലം കഠിന പരിശ്രമം നടത്താനുള്ള മനസ്സ് തനിക്ക് ലഭിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ വിശ്രമിക്കാതെ പരിശീലനം നടത്തേണ്ടതുണ്ടെന്നും അത് വരാനിരിക്കുന്ന മത്സരങ്ങളിലേക്ക് സഹായകരമാകുമെന്നും താരം പറഞ്ഞു.
ഐ.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് ശ്രേയസ് അയര്‍. ഇന്ത്യക്ക് വേണ്ടി 22 ഏകദിനങ്ങളും 29 ടി-ട്വന്റികളും താരം കളിച്ചിട്ടുണ്ട്.