നിങ്ങള്‍ ആരെയോ ഭയപ്പെടുന്നു; പുസ്തകം പിന്‍വലിച്ച പെന്‍ഗ്വിനെതിരെ അരുന്ധതി റോയ്
India
നിങ്ങള്‍ ആരെയോ ഭയപ്പെടുന്നു; പുസ്തകം പിന്‍വലിച്ച പെന്‍ഗ്വിനെതിരെ അരുന്ധതി റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th February 2014, 10:24 am

[share]

[]ന്യൂദല്‍ഹി: വെന്‍ഡി ഡോണിഗറിന്റെ വിവാദപുസ്തകമായ ദ ഹിന്ദൂസ് ആന്‍ ആള്‍ട്ടര്‍നെറ്റീവ് ഹിസ്റ്ററി എന്ന പുസ്തകം പിന്‍വലിക്കാനുള്ള പെന്‍ഗ്വിന്‍ ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ്.

ഇക്കാര്യം വ്യക്തമാക്കി അരുന്ധതി റോയ് പെന്‍ഗ്വിന്‍ ഇന്ത്യ പബ്ലിഷേഴ്‌സിന് കത്തയച്ചു.

പുസ്തകം പിന്‍വലിക്കാനുള്ള നിങ്ങളുടെ ഈ തീരുമാനത്തിനെതിരെ തീര്‍ച്ചയായും ജനരോഷം ഉയരും. നിങ്ങളുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധക്കാര്‍ അണിനിരക്കും. അതില്‍ സംശയമില്ല.

ആരെയാണ് നിങ്ങള്‍ ഭയപ്പെടുന്നത് ? ദയവു ചെയ്ത് അത് പറയൂ, നിങ്ങള്‍ ആരാണെന്ന് പോലും മറന്നിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴയതും മികച്ചതുമായ ഒരു പബ്ലിഷിങ് ഹൗസായിരുന്നു നിങ്ങള്‍.

ലോകത്തിലെ മികച്ച സാഹിത്യ സൃഷ്ടികളെ ആസ്വാദകരില്‍ എത്തിച്ചത് നിങ്ങളായിരുന്നു.വിപണിയില്‍ മറ്റ് എന്ത് വസ്തുക്കള്‍ വില്‍പ്പനക്കായി എത്തുന്നതുപോലെ തന്നെ പുസ്തകങ്ങള്‍ക്കും അത്തരമൊരു വിപണിയൊരുക്കിയത് നിങ്ങളായിരുന്നു.

വിവാദ പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പല സംഘടനകളും ഇതിന് മുന്‍പും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവിടെ അത്തരത്തിലൊരു നിരോധന കാരണവും ഈ പുസ്തകത്തിനുണ്ടായിരുന്നില്ല,

എന്തിനേറെ, പുസ്തകം പിന്‍വലിക്കണമെന്ന ഒരു കോടതി വിധി പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ തന്നെ നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാനും നിയമയുദ്ധം നടത്താനുമുള്ള അവകാശമുണ്ടായിരുന്നു.

അതുമല്ലെങ്കില്‍ പുസ്തകം പിന്‍വലിക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുന്‍പ് ജനഹിതമെങ്കിലും ഒന്ന് തേടണമായിരുന്നു. അതുകൊണ്ട് തന്നെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് നിങ്ങള്‍ പറഞ്ഞേ തീരൂ, ആരെയാണ് ഇക്കാര്യത്തില്‍ നിങ്ങള്‍ ഭയപ്പെടുന്നത്.

ഇത് ഏതെങ്കിലും പോളിസി സെറ്റില്‍മെന്റിന്റെ ഭാഗമാണോ?

പെന്‍ഗ്വിന്‍ ബുക്‌സ് തങ്ങളുടെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് അഭിമാനമായി താനുള്‍പ്പെടെയുള്ള എഴുത്തുകാര്‍ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.

എന്നാല്‍ ഇന്ന് ഇതല്ല അവസ്ഥ, നിങ്ങള്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെങ്കില്‍ അതിന് പല പല മാനദണ്ഡങ്ങളും നിര്‍ബന്ധമാണെന്ന് വ്യക്തമായിരിക്കുന്നെന്നും അരുന്ധതി റോയ് കത്തില്‍ പറയുന്നു.

അമേരിക്കന്‍ പണ്ഡിത വെന്‍ഡി ഡൊനിഗറിന്റെ ദ് ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നെറ്റീവ് ഹിസ്റ്ററി എന്ന പുസ്തകം പിന്‍വലിക്കാന്‍ പുസ്തക പ്രസാധകരായ  പെന്‍ഗ്വിന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.

പുസ്തകം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നാരോപിച്ച് ശിക്ഷാ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടന ദല്‍ഹി കോടതിയെ സമീപിച്ചിരുന്നു.

കോടതിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

പെന്‍ഗ്വിനും ശിക്ഷാ ബച്ചാവോ ആന്ദോളനും എസ്.സി.ആര്‍.ഐ.ബി.ഡി. ഡോട്ട് കോം വഴി നടത്തിയ സംഭാഷണം ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

ആറ് മാസത്തിനുള്ളില്‍ മുഴുവന്‍ കോപ്പിയും നശിപ്പിക്കണമെന്നും പുസ്തകം വില്‍ക്കുകയോ പുനപ്രസിദ്ധീകരിക്കുകയോ ചെയ്യില്ലെന്നുമാണ് കരാര്‍.