| Sunday, 2nd March 2014, 12:48 pm

വെന്‍ഡി ഡൊനിഗറിന്റെ മറ്റൊരു ഹിന്ദുത്വ പുസ്തകം കൂടി വിവാദത്തിലേയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: അമേരിക്കന്‍ പണ്ഡിത വെന്‍ഡി ഡൊനിഗറിന്റെ “ദ ഹിന്ദൂസ്, ആന്‍ ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി”യ്ക്ക് ശേഷം മറ്റൊരു ഹിന്ദുത്വ പുസ്തകം കൂടി വിവാദത്തിലേയ്ക്ക്.

ഡൊനിഗറിന്റെ “ഓണ്‍ ഹിന്ദുയിസം” എന്ന പുസ്തകത്തിനെതിരെയാണ് വിമര്‍ശനങ്ങളുയര്‍ന്നു വരുന്നത്. “ദ ഹിന്ദൂസ് ആന്‍ ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി”യ്‌ക്കെതിരെ രംഗത്തുവന്ന ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സമിതി എന്ന സംഘടന തന്നെയാണ് ഇക്കുറിയും പ്രതിഷേധവുമായി വന്നിരിയ്ക്കുന്നത്.

പുസ്തകത്തിന്റെ പ്രസാധകരായ അലിഫ് ബുക്ക് കമ്പനിയോട് പുസ്തകത്തിന്റെ വില്‍പന നിര്‍ത്തി വെയ്ക്കുവാനും ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കുവാനും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പത്തെ പുസ്തകത്തിലേതു പോലെ തന്നെ ഹിന്ദുക്കളെ അപമാനിയ്ക്കുന്ന രീതിയാണ് ഈ പുസ്തകത്തിലും കാണാനാവുന്നതെന്ന് ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സമിതി ആരോപിച്ചു.

മാര്‍ക്‌സിന്റെയും തോമസ് മക്കോളെയുടെയും മക്കള്‍ ഹിന്ദൂയിസത്തെ താറടിയ്ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് “ഓണ്‍ ഹിന്ദൂയിസവും” ഇറങ്ങിയിരിയ്ക്കുന്നത്. ചില കപട മതേതരവാദികളും ഈ ഗൂഢാലോചനയ്ക്ക് പിറകിലുണ്ട്.

പുസ്തകം പിന്‍വലിയ്ക്കാന്‍ പ്രസാധകര്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോവും- ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സമിതി പറഞ്ഞു.

നേരത്തേ വിവാദങ്ങളെ തുടര്‍ന്ന് ഡൊനിഗറിന്റെ “ദ ഹിന്ദൂസ്, ആന്‍ ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി” എന്ന പുസ്തകം പെന്‍ഗ്വിന്‍ ബുക്‌സ് പിന്‍വലിച്ചിരുന്നു. പുസ്തകം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നാരോപിച്ച് ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സമിതി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പെന്‍ഗ്വിന്‍ ബുക്‌സ് പുസ്തകം പിന്‍വലിച്ചത്.

എന്നാല്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് രാമചന്ദ്ര ഗുഹ, അരുന്ധതി റോയ്, ജയറാം രമേശ് തുടങ്ങി നിരവധി പ്രമുഖര്‍ രംഗത്തു വന്നിരുന്നു.

We use cookies to give you the best possible experience. Learn more