സായിബാബയെ വെറുതെ വിട്ട വിധി യുക്തിസഹം; വിധി റദ്ദാക്കണമെന്ന മഹരാഷ്ട്രാ സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി
India
സായിബാബയെ വെറുതെ വിട്ട വിധി യുക്തിസഹം; വിധി റദ്ദാക്കണമെന്ന മഹരാഷ്ട്രാ സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2024, 8:58 am

ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ പ്രൊഫസര്‍ ജി.എന്‍ സായിബാബയെ വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രാ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി.

ബോംബെ ഹൈക്കോടതിയുടെ വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാക്കാലുള്ള അഭ്യര്‍ത്ഥന കോടതി നിരസിച്ചു. കുറ്റവിമുക്തനാക്കിയ വിധി അടിയന്തരമായി മാറ്റാന്‍ സാധിക്കില്ലെന്നും മറിച്ച് ശിക്ഷിക്കപ്പെട്ടാല്‍ ആ ശിക്ഷ അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിക്കേണ്ടതെന്നും ഹരജി തള്ളി സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസ് ബി. ആര്‍ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടിങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. രണ്ട് തവണ കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ ആളെ തിരിച്ച് ജയിലില്‍ അടക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം അസാധാരണമാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ബോംബെ ഹൈക്കോടതി വിധി പ്രഥമദൃഷ്ട്യാ യുക്തി സഹമാണെന്നും അതിനാല്‍ വിധി റദ്ദാക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവാണ് മഹാരാഷ്ട്രാ സര്‍ക്കാറിന് വേണ്ടി ഹാജരായത്.

കേസിൽ കഴിഞ്ഞ ആഴ്ചയാണ് സായിബാബ ഉൾപ്പെടെ അഞ്ച് പേരെ ബോംബെ ഹൈക്കോടതി വെറുതെവിട്ടത്. 2022ൽ ഇവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര കോടതി നൽകിയ ഹരജിയിലാണ് പ്രതികളെ വെറുതെ വിടാൻ ഹൈക്കോടതി വിധിച്ചത്.

റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ നടത്തിയ പ്രവർത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും പേരിൽ 2014ലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയാണ് ഇതെന്നായിരുന്നു ആരോപണം.

യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയായിരുന്നു ജെ.എൻ.യു വിദ്യാർത്ഥിയെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 2017ൽ പ്രത്യേക വിചാരണ കോടതി ഇവർക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ജീവപര്യന്തം ഉൾപ്പെടെയുള്ള ശിക്ഷ വിധിച്ചിരുന്നു.

തുടർന്ന് ബോംബെ ഹൈക്കോടതിയിൽ സായിബാബ ഉൾപ്പെടെയുള്ള പ്രതികൾ അപ്പീൽ പോവുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്ര സർക്കാർ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

സുപ്രീം കോടതി കേസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന് കൈമാറുകയായിരുന്നു. ശരീരം തളർന്ന ജി.എൻ. സായിബാബയ്ക്ക് മതിയായ ചികിത്സ നൽകിയില്ലെന്നത് ഉൾപ്പെടെ കേസിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. വിചാരണക്കിടയിൽ പ്രതികളിൽ ഒരാൾ നാഗ്പൂർ സെൻട്രൽ ജയിലിൽ വെച്ച് മരണപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Well-Reasoned: Top Court Declines Stay Ex-Professor Saibaba’s Release