|

ഉന്നത വിദ്യാഭ്യാസമുള്ള, ജോലി പരിചയമുള്ള ഭാര്യ, ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ വേണ്ടി മാത്രം വെറുതെയിരിക്കരുത്: ദൽഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഉന്നത വിദ്യാഭ്യാസവും ഉചിതമായ ജോലി പരിചയവുമുള്ള ഭാര്യ ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ വേണ്ടി മാത്രം വെറുതെയിരിക്കരുതെന്ന് ദൽഹി ഹൈക്കോടതി. വിവാഹ തർക്കത്തിൽ സി.ആർ.പി.സി സെക്ഷൻ 125 പ്രകാരം ഇടക്കാല ജീവനാംശം നിഷേധിച്ച കുടുംബ കോടതി ഉത്തരവിനെതിരെ ഭാര്യ സമർപ്പിച്ച ഹരജി തള്ളികൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ചന്ദ്ര ധാരി സിങ്ങിന്റേതാണ് വിധി.

2019ൽ വിവാഹിതരായ ദമ്പതികൾ സിംഗപ്പൂരിലായിരുന്നു താമസിച്ചിരുന്നത്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും ക്രൂരത കാരണം തനിക്ക് 2021 ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നെന്ന് ഹരജിക്കാരി പരാതിപ്പെട്ടു. ഭർത്താവ് തന്റെ വിസ റദ്ദാക്കിയതായും പരാതിക്കാരി പറഞ്ഞു. ഭർത്താവ് കാരണം തന്റെ സ്വർണങ്ങൾ വിൽക്കേണ്ടിവന്നതായും ഭാര്യ കൂട്ടിച്ചേർത്തു.

2006ൽ താൻ ബിരുദാനന്തര ബിരുദം നേടിയിരുന്നെന്നും 2005 മുതൽ 2007 വരെ ദുബായിൽ ജോലി ചെയ്തതായും എന്നാൽ 2007ന് ശേഷം ജോലിക്ക് പോയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കുടുംബ കോടതി തന്റെ ബിരുദദാനത്തിനും അവസാന ജോലിക്കും വിവാഹ തീയതിക്കും ഇടയിലുള്ള ഗണ്യമായ അന്തരം അവഗണിച്ചുവെന്നും ഈ അന്തരം കാരണം ജോലിയിൽ പ്രവേശിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും ഹരജിക്കാരി പറഞ്ഞു.

അതേസമയം ഭാര്യ ഉന്നത വിദ്യാഭ്യാസമുള്ളവളും സമ്പാദിക്കാൻ പ്രാപ്തയുമാണെന്നും അതിനാൽ, തൊഴിൽരഹിതയാണെന്ന കാരണം പറഞ്ഞ് സി.ആർ.പി.സി സെക്ഷൻ 125 പ്രകാരം ജീവനാംശം അവകാശപ്പെടാൻ കഴിയില്ലെന്നും ഭർത്താവ് വാദിച്ചു.

ഭാര്യ ആവശ്യപ്പെട്ട പ്രതിമാസ ജീവനാംശ തുകയായ 3,25,000 രൂപ അമിതവും ഇന്ത്യയിൽ മുമ്പ് അവർ നയിച്ചിരുന്ന ജീവിതശൈലിക്ക് ഇത്രയും തുകയുടെ ആവശ്യമില്ലെന്നും ഭർത്താവ് പറഞ്ഞു.

ഭാര്യ വിദ്യാഭ്യാസ യോഗ്യതയുള്ള, ആരോഗ്യമുള്ള വ്യക്തിയാണെന്ന വസ്തുത അവഗണിക്കാൻ കഴിയില്ലെന്നും, മാതാപിതാക്കളോടൊപ്പവും പിന്നീട് മാതൃസഹോദരനോടൊപ്പവും താമസിച്ചിരുന്ന സാഹചര്യം കാണിച്ചുകൊണ്ട് തനിക്ക് സമ്പാദിക്കാൻ കഴിയില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ഹരജിക്കാരി ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞു.

തുടർന്ന് വരുമാനശേഷിയുണ്ടായിട്ടും ഭർത്താവിന്റെ ജീവനാശത്തിനായി ഹരജിക്കാരി കാത്തിരിക്കുകയാണെന്നും അതിനാൽ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

Content Highlight: Well-Educated Wife With Job Experience Must Not Remain Idle Solely To Gain Maintenance From Husband: Delhi High Court

Video Stories