തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് സി.പി.ഐ.എം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍.
60 വയസ്സ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി എല്‍.ഡി.എഫ് കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്തെ വീടുകള്‍ സുരക്ഷിതമാക്കുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 1300 രൂപയില്‍നിന്ന് 1400 രൂപയായാണ് പെന്‍ഷന്‍ തുക ഉയര്‍ത്തിയത്.
സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തുക വര്‍ധിപ്പിച്ചിരുന്നത്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വര്‍ഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.
സമാനതകളില്ലാത്ത വികസനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് കോടിയേരി പറഞ്ഞു. അസാധ്യമായത് സാധ്യമാക്കി. ദേശീയപാത വികസനത്തിനുള്ള തടസം മാറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കി, കോടിയേരി പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കോടിയേരി രൂക്ഷവിമര്‍ശനവും ഉന്നയിച്ചു. മറ്റുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ തകര്‍ത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജന്‍സികള്‍ റാകി പറക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളെ പോലെയല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക